സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം; കോഴിക്കോട് കണ്ണൂര്‍ ആലപ്പുഴ ജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം

 

തൃശ്ശൂര്‍: തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് കണ്ണൂര്‍ ആലപ്പുഴ ജില്ലകള്‍ തമ്മിലാണ് മത്സരം. ഭരതനാട്യം, ഒപ്പന , മിമിക്രി, നാടോടി നൃത്തം തുടങ്ങി ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദിയിലെത്തും. ഇന്നലെ ചില മത്സരങ്ങള്‍ ഏറെ വൈകിയും തുടര്‍ന്നിരുന്നു.

തൃശൂരില്‍ പകല്‍ മുഴുവന്‍ കത്തുന്ന വെയിലാണെണെങ്കിലും കാണികള്‍ക്ക് കുറവില്ല. മത്സരങ്ങള്‍ കാണാന്‍ രാത്രി വൈകിയും കാണികള്‍ കലോത്സവനഗരിയിലേക്ക് ഒഴുകി എത്തി. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. ഇന്നലെ രാവിലെ 10നു പാറമേക്കാവിന് എതിര്‍വശത്ത് എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.

പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്നലെ രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തി. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ബി.കെ. ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി കെ. രാജന്‍ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!