റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സാംസ്‌കാരിക വേദി, നവംബര്‍ 25 ന് വൈകീട്ട് 5 ന് തിരി തെളിയും

 

 

കൊയിലാണ്ടി: 64 മത് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ മൽസരമില്ലാത്ത ഏകവേദി സാംസ്കാരിക വേദി ആണ്. കലോൽസവ ഫണ്ട് കൂടാതെ പ്രവർത്തിക്കുന്ന ഏക കമ്മറ്റിയും സാംസ്കാരിക കമ്മറ്റിയാണ്. കലോൽസവം നടക്കുന്ന പ്രദേശത്തെ കലാകാരൻമാർക്കും കലാകാരൻമാരായ അധ്യാപകർക്കും പരിപാടികൾ അവതരിപ്പിക്കാൻ വേണ്ടിയാണ് സാംസ്കാരിക വേദി ഒരുക്കുന്നത്. ഒരു പ്രതിഫലവുമില്ലാതെയാണ് കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കുന്നത്. നവംബര്‍ 25, 26, 27 തീയതികളിൽ വൈകീട്ട് 5 മണി മുതലാണ് സാംസ്കാരിക വേദിയിൽ പരിപാടികൾ ആരംഭിക്കുക.

എഴുത്തുകാരൻ ശത്രുഘ്നൻ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. 

പൂക്കാട് കലാലയത്തിൻ്റെ ‘ഗുരുപഥം’ (ഗുരു ചേമഞ്ചേരിസ്മരണ പ്രത്യേക പരിപാടി), സുനിൽ തിരുവങ്ങൂർ , അഡ്വ. കെ. ടി. ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റി അവതരിപ്പിക്കുന്ന വയലാർ സ്മരണ സംഗീത പരിപാടി, പ്രസിദ്ധ മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക് ഷോ, ശ്രീചക്ര സെൻ്റർ ഫോർ മ്യൂസിക്കൽ സ്റ്റഡീസിൻ്റെ സംഗീത അവതരണങ്ങൾ, കുറുവച്ചാൽ ദിനേശ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി അഭ്യാസ പ്രദർശനം, സത്യൻ മുദ്രയുടെ ഏകാഭിനയം, രാജീവൻ, സജീവൻ ( അരങ്ങ്) എന്നിവരുടെ നേതൃത്വത്തിലുള്ള നാടൻ പാട്ട്, കലാകാരൻമാരായ അധ്യാപകരുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, ചേലിയ നാടൻ പാട്ട് സംഘത്തിൻ്റെ അവതരണങ്ങൾ തുടങ്ങിയവ മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.
കലാകാരൻമാർക്ക് കലോൽസവ കമ്മറ്റിയുടെ പേരിൽ മൊമെൻ്റൊ വേദിയിൽ സമ്മാനിക്കും.

കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ നഗരസഭാ സ്റ്റേജിലാണ് പരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്.

പത്ര സമ്മേളനത്തിൽ സാംസ്കാരിക കമ്മറ്റി ചെയർമാൻ പി. ബാബുരാജ്, വൈസ് ചെയർമാൻ എം. ജി. ബൽരാജ്, കൺവീനർ രഞ്ജൂഷ് ആവള, ജോ. കൺവീനർ ബിജു കാവിൽ,  പ്രിൻസിപ്പാൾ എൻ. വി. പ്രദീപ് കുമാർ, മീഡിയ ചെയർമാൻ എ. സജീവ്കുമാർ, കൺവീനർ കെ. പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!