കൊയിലാണ്ടിയിൽ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. കോടതി വളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തിന്‍റെ സ്ഥാനത്താണ് ഒന്നര കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്ന പ്രവൃത്തി ഫെബ്രുവരി എട്ടിന് തുടങ്ങും.

കാനത്തിൽ ജമീല എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗമാണ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കാന്‍ കരാറുകാരോട് നിര്‍ദ്ദേശിച്ചത്. കൊയിലാണ്ടി കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന്‍റെ കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നര കോടി രൂപ അനുവദിച്ചത്. നിലവിൽ അരങ്ങാടത്ത് വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. ട്രഷറി പ്രവര്‍ത്തനം വാടക കെട്ടിടത്തിന്‍റെ രണ്ടാം നിലയിലായത് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി പ്രവൃത്തി ആരംഭിക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥരോടും കരാറുകാരോടും നിര്‍ദ്ദേശിച്ചത്.

യോഗത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ സത്യന്‍, ജില്ലാ ട്രഷറി ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍, പ്രവൃത്തി കരാറെടുത്ത എച്ച്എല്‍എല്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!