മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സന്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സന്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ഇ എം എസ് ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈ. ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഓരോ വാര്‍ഡില്‍ നിന്നും അഞ്ചു വീതം റിസോഴ്‌സ് പേഴ്‌സണല്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്
2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മുതല്‍ 2025 മാര്‍ച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ മാലിന്യ പരിപാലനത്തില്‍ സുസ്ഥിരത കൈവരിക്കാനും സമ്പൂര്‍ണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ എ സുധാകരന്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്ക് ക്ലാസ് നല്‍കി. കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്‌കരണ സംവിധാന ഒരുക്കുക, ഹരിത കര്‍മ്മസേനയെ ശക്തി പ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകള്‍ പാതയോരങ്ങള്‍, മാലിന്യമുക്തമായ ജലസ്രോതസ്സുകള്‍, ഹരിത അയല്‍കൂട്ടങ്ങള്‍, ഹരിത റസിഡന്‍സുകള്‍,ഹരിത വിദ്യാലയങ്ങള്‍,ഹരിത അങ്കണവാടികള്‍ ഹരിത ഓഫീസുകള്‍,ഹരിത ടൂറിസം കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് പദ്ധതി കൊണ്ട് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സി. പ്രജില യോഗത്തില്‍ സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ഇ. ഇന്ദിര, ഇ കെ അജിത്ത് മാസ്റ്റര്‍, കെ ഷിജു മാസ്റ്റര്‍, നഗര സഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS), കൗണ്‍സിലര്‍മാരായ പി. രക്‌നവല്ലി. എന്നിവര്‍ സംസാരിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ സതീഷ് കുമാര്‍ നന്ദി പറഞ്ഞു.
വീട്ടുമുറ്റ ശുചിത്വ സദസ്സുകള്‍, ശുചിത്വ പദയാത്രകള്‍, വീടു കയറിയുള്ള ക്യാമ്പയിനുകള്‍, പൊതു ഇടങ്ങളിലെ ശുചീകരണം, സ്ഥാപന ശുചീകരണം, ശുചിത്വബോധവല്‍ക്കരണം പ്രവര്‍ത്തനങ്ങള്‍, ബഹുജന ശുചിത്വ സദസ്സുകള്‍, വിദ്യാലയങ്ങളില്‍ ശുചിത്വ പഠനോത്സവം, നഗരസഭാതല കുട്ടികളുടെ ഹരിത സഭ , നഗരസഭയിലെ മുഴുവന്‍ വീടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ ഭവനം പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ നടത്തുമെന്ന് ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് പറഞ്ഞു.














