മാതൃക പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ ഷാഫി പറമ്പിലിന് നോട്ടീസ്

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടീസ്. തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങാണ് നോട്ടീസ് അയച്ചത്. വടകര ജുമുഅത്ത് പള്ളിയോട് ചേര്‍ന്ന വഖഫ് ഭൂമിയില്‍ ”ഈദ് വിത്ത് ഷാഫി ‘ എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു. വിഷയത്തില്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞു.

അതിനിടെ, മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. അത്തരമൊരു വീഡിയോ ഉണ്ടാകരുതെന്നാണ് താനും ആഗ്രഹിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വൈകിയാണെങ്കിലും അങ്ങനെയൊരു വീഡിയോ ഇല്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!