മണിയൂർ പോക്സോ കേസ് പ്രതി ചങ്ങരോത്ത് റഫീഖ് പോലീസ് കസ്റ്റഡിയിൽ

മണിയൂര്‍ പോക്‌സോ കേസ് പ്രതിയായ വടകര ചങ്ങരോത്ത് റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതി വിധിക്ക് ഹൈക്കോടതി നല്‍കിയിരുന്ന സ്റ്റേ നീക്കിയതിന് പിന്നാലെയാണ് നടപടി. കസ്റ്റഡിയിലെടുത്ത റഫീഖിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
ഒന്നര വര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് റഫീഖിനെതിരെയുള്ള പരാതി. 2026 ജനുവരി 16-ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈയില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടി സെപ്റ്റംബര്‍ 29-നാണ് ഇയാള്‍ നാട്ടിലെത്തിയത്.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് പയ്യോളി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള ശക്തമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 24-ന് കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും, ദേഹാസ്വാസ്ഥ്യം നടിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇയാള്‍ വീണ്ടും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം റദ്ദാക്കലിന് താല്‍ക്കാലിക സ്റ്റേ സമ്പാദിച്ചത്. നിലവില്‍ ഈ സ്റ്റേ നീങ്ങിയതോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!