കൊയിലാണ്ടിയിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം; ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാളിലെ കെ.വി. രാഘവൻ നഗറിൽ ആവേശകരമായ തുടക്കം. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.
രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന വൈകാരികമായ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. തുടർന്ന് ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ പതാക ഉയർത്തി. ഉദ്ഘാടന സമ്മേളനത്തിൽ മാമ്പറ്റ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം സെക്രട്ടറി സി. അശ്വനി ദേവ് പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിന്റെ ആദ്യ സെഷനിൽ ജില്ലാ സെക്രട്ടറി പി.കെ. മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.കെ. സന്തോഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലയിലെ 120 യൂണിയനുകളെ പ്രതിനിധീകരിച്ച് 460 പ്രതിനിധികളാണ് ഈ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സിക്കുട്ടിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ സി.കെ. ഹരികൃഷ്ണൻ, എൻ.കെ. രാമചന്ദ്രൻ, പി.പി. പ്രേമ എന്നിവർ രണ്ടു ദിവസത്തെ സമ്മേളനത്തിലും പൂർണ്ണമായി പങ്കെടുക്കുന്നുണ്ട്.
അവതരിപ്പിക്കപ്പെട്ട പ്രവർത്തന റിപ്പോർട്ടിൻമേൽ പ്രതിനിധികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സജീവമായ ചർച്ചകൾ നടത്തി. ഇതിന് പിന്നാലെ സമ്മേളനത്തിൽ പൊതുചർച്ച ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയും പൊതുചർച്ച തുടരും. അതിനുശേഷം ജില്ലാ സെക്രട്ടറിയും മേൽക്കമ്മറ്റി നേതാക്കളും ചർച്ചകൾക്ക് മറുപടി നൽകും. പുതിയ കമ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനത്തിന് സമാപനമാകും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!