പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ പാര്‍ട്ടി കോട്ടകളും കൈ വിട്ടതായി റിപ്പോര്‍ട്ടുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശതെരഞ്ഞെടുപ്പുമെല്ലാം തിരിച്ചടിയുണ്ടായേക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടിയെങ്കിലും ഉരുക്കുകോട്ടകള്‍ കൈവിടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇടത് മുന്നണി. എന്നാല്‍ ഭരണവിരുദ്ധ തരംഗത്തില്‍ ബാലുശേരി, എലത്തൂര്‍, നാദാപുരം, പേരാമ്പ്ര, കോഴിക്കോട് നോര്‍ത്ത് ഉള്‍പെടെ ഉരുക്ക് കോട്ടകളായ മണ്ഡലങ്ങളെല്ലാം കടപുഴകി. ബേപ്പൂരില്‍ മാത്രമാണ് ആശ്വാസ വിജയം നേടാനായത്.
കഴിഞ്ഞതവണ എലത്തൂരില്‍ ജില്ലയിലെ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച മന്ത്രി എ.കെ ശശീന്ദ്രനെ കെ.പി.സി.സി ജന.സെക്രട്ടറി വിദ്യാബാലകൃഷ്ണന്‍ 12162 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2021ല്‍ 83639 വോട്ടായിരുന്നു ശശീന്ദ്രന്‍ നേടിയത്.
അതിനിടെ, തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ്‌നടക്കുന്നത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗം നാളെയും നടക്കും. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാകും നേതൃയോഗങ്ങളിലെ പ്രധാന വിഷയമെന്നാണ് സൂചന.
സി.പി.എം നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം പാര്‍ട്ടി അണികള്‍ക്കിടയിലും പിണറായിവിരുദ്ധ ചേരിയിലും ശക്തമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യക്തി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതെന്ന വിമര്‍ശനവും ശക്തമായി ഉയരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി ഗോവിന്ദന്‍ ഒഴിവാകണമെന്ന അഭിപ്രായവും രൂപപ്പെട്ടതായി സൂചനയുണ്ട്. പാര്‍ട്ടി സെക്രട്ടറിയായ ശേഷം രണ്ടുവര്‍ഷത്തിനിടെ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് തിരിച്ചടി നേരിട്ടുവെന്നതാണ് എം.വി ഗോവിന്ദനെതിരായ നീക്കത്തിന് കാരണം.









