കൊയിലാണ്ടിയിലെ സി.പി.എം സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സി.പി.എം സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലും വീട്ടിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

അഭിലാഷ് ഉപേക്ഷിച്ച ഫോണ്‍ കണ്ടെത്തിയത് നിര്‍ണ്ണായകമായി. കൃത്യം നടത്തി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോയ വഴിയില്‍ ഒരു വൈദ്യുതി തൂണിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

നേരത്തെ കണ്ടെത്തിയ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞ സ്ഥലവും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പി. ബിജു, കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ മെല്‍വില്‍ ജോസ്, പയ്യോളി, മേപ്പയ്യൂര്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.ഐമാരായ മനോജ്, പ്രദീപ് കുമാര്‍ അടക്കം അന്‍പതോളം വരുന്ന പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ രാവിലെ 6.30 മണിക്കാണ് തെളിവെടുപ്പ് ആരംഭിച്ചത്.

ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരും. ഫോണ്‍ വിവരങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയായിരിക്കും ചോദ്യം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!