ബേപ്പൂര്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മേളയും ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റും ഉദ്ഘാടനം ചെയ്തു

ബേപ്പൂര്‍: അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രങ്ങളായി ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളെ മാറ്റാന്‍ സാധിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.

ബേപ്പൂര്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മേളയും ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മേള ഒരു ടെക്‌സ്‌റ്റൈല്‍ ടൂര്‍ ആയാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശീയരുടെ ഉപജീവനത്തിന് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ (ആര്‍. ടി) പ്രധാന ലക്ഷ്യം.കാല്‍ ലക്ഷത്തോളം വരുന്ന ആര്‍.ടി യൂണിറ്റുകളുടെ 80 ശതമാനത്തോളം യൂണിറ്റുകള്‍ക്കും നേതൃത്വം നല്‍കുന്നത് സ്ത്രീകളാണ് എന്നത് വളരെ അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ടൂറിസത്തെയും ബീച്ച് ടൂറിസത്തെയും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഏത് പ്രതിസന്ധിയെയും തട്ടിമാറ്റി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ഷവും ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിനു പുറമെ, തമിഴ്‌നാട്, അസം, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍, നാഗലാന്റ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പുതുച്ചേരി, ഒഡീഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യ വസ്ത്രനിര്‍മാതാക്കളും കലാകാരന്‍മാരുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലൊരുക്കിയ ആര്‍.ടി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

ഡിസംബര്‍ 30 വരെ എല്ലാ ദിവസവും ഉച്ച രണ്ട് മുതല്‍ 10 മണി വരെ നടക്കുന്ന മേളയില്‍ വിവിധ സംരംഭകരുടെ 50 ലധികം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളുമുണ്ട്.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, വാര്‍ഡ് കൗണ്‍സിലര്‍ മജീദ്, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ശ്രീധന്യന്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഡിനേറ്റര്‍ ബിജി സേവ്യര്‍, നമ്മള്‍ ബേപ്പൂര്‍ പ്രതിനിധി രാധാ ഗോപി, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!