ജില്ല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം തേടി സ്റ്റുഡന്റ്സ് കോണ്‍ക്ലേവ്

 

കോഴിക്കോട്: ജില്ല നേരിടുന്ന സുപ്രധാന പ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ചര്‍ച്ചയുടെ ലോകം തുറന്ന് സ്റ്റുഡന്റ്സ് കോണ്‍ക്ലേവ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ കോളേജ് കാമ്പസുകളുടെ പരിഛേദം തന്നെ സിവില്‍ സ്റ്റേഷന്‍ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒത്തുകൂടിയത്.

ജില്ലയിലെ മുഴുവന്‍ കോളേജ് യൂണിറ്റുകളിലെയും വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍മാരുടെ ഏകദിന സംഗമമായ വാര്‍ഷിക ‘സ്റ്റുഡന്റ്സ് കോണ്‍ക്ലേവ്’ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

സമ്പത്തും പ്രശസ്തിയും സ്ഥാനമാനങ്ങളുമല്ല, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ വ്യക്തികളിലും സമൂഹത്തിലും ഗുണാത്മകമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് ഒരാളുടെ ജീവിതം സാര്‍ഥകമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് കാമ്പസുകള്‍ പലവിധത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അവയെ ഏകോപിപ്പിച്ച് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ അവസരമൊരുക്കുകയാണ് ക്യാമ്പസസ് ഓഫ് കോഴിക്കോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതി, നശാ മുക്ത് ഭാരത് അഭിയാന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്റ്റുഡന്റ്സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. നവകേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. ടി പ്രസാദ് ഗ്രീന്‍ അംബാസിഡര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിയാലി സി.ഇ. ഒ മണലില്‍ മോഹനന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഭിന്നശേഷി വിഭാഗങ്ങളുടെ ശാക്തീകരണം, മാലിന്യ സംസ്‌കരണം, ശുചിത്വ അവബോധം, ജനകീയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കോമ്പസിറ്റ് റീജ്യണല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.എന്‍ റോഷന്‍ ബിജ്ലീ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ടെക്നിക്കല്‍ അഡൈ്വസര്‍ ഡോ. സുരേഷ് കുമാര്‍, ഗ്രീന്‍ വേംസ് സി.ഇ.ഒ. ജാബിര്‍ കാരാട്ട്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് തുടങ്ങിയവര്‍ വിഷയാവതണം നടത്തി.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.രാജേന്ദ്രന്‍, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. പ്രിയ, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജിത്, ജലാലുദ്ദീന്‍, നെസ്റ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂനുസ്, ഹരിയാലി സി.ഇ.ഒ. മണലില്‍ മോഹനന്‍, വേങ്ങേരി നിറവ് കോര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് കോളേജ് യൂണിറ്റുകള്‍ നടപ്പിലാക്കേണ്ട ത്രൈമാസ കര്‍മ്മപദ്ധതിക്ക് കോണ്‍ക്ലേവ് രൂപം നല്‍കി. ലഹരി വിരുദ്ധ എക്സിബിഷനും, സ്വീപ് വോട്ടര്‍ എന്റോള്‍മെന്റ് കിയോസ്‌കും, ലഹരിക്കെതിരെ കയ്യൊപ്പ് ‘ട്രീ ഓഫ് ഹോണര്‍’ തുടങ്ങിയവയും കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

2022 – 23 അദ്ധ്യയന വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കോളേജ് യുണിറ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം കൈതപ്പൊയില്‍ ലിസ കോളേജിനും ഇന്റര്‍വെന്‍ഷന്‍ ടുവാര്‍ഡ്സ് വെല്‍ബീയിങ് ഓഫ് മാര്‍ജിനലൈസ്ഡ് എന്ന വിഭാഗത്തിലെ പുരസ്‌കാരം ഓമശ്ശേരി അല്‍ – ഇര്‍ഷാദ് കോളേജ്, വി. കെ എച്ച്. എം. ഒ വിമന്‍സ് കോളേജ് എന്നിവയും സ്വന്തമാക്കി.

മാലിന്യ സംസ്‌കരണത്തില്‍ പ്രൊവിഡന്‍സ് വുമണ്‍സ് കോളേജും ഇന്റര്‍വെന്‍ഷന്‍ ഇന്‍ പ്രൊമോട്ടിങ്ങ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ ജെ. ഡി. ടി കോളേജ് ഓഫ് നഴ്സിങ്, ഗവ. ഹോമിയോപതി കോളേജ് എന്നിവയും പുരസ്‌കാരങ്ങള്‍ നേടി.

ഇന്റര്‍വെന്‍ഷന്‍ ടുവാര്‍ഡ്സ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആന്റ് ലീഗല്‍ അവയര്‍നെസ് വിഭാഗത്തില്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹനന്‍, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ കെ. പി രാധാകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!