കൊയിലാണ്ടി നഗരസഭയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; മാലിന്യം തള്ളിയ 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൊയിലാണ്ടി: നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുകയും, ഹരിത കര്‍മ്മസേനയ്ക്ക് അജൈവ മാലിന്യങ്ങള്‍ കൃത്യമായി കൈമാറാതെ പരിസരങ്ങളില്‍ മാലിന്യം കുന്നുകൂട്ടിയിടുകയും ചെയ്ത 5 സ്ഥാപനങ്ങള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃതമായ പിഴ ചുമത്തും.
‘നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം’, ‘സ്മാര്‍ട്ട് കൊയിലാണ്ടി’ എന്നീ പദ്ധതികളുടെ ഭാഗമായി പൊതു ഇടങ്ങള്‍ വൃത്തിയാക്കി പരിപാലിക്കുന്നുണ്ട്. എന്നാല്‍, പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍വശത്തും പിന്‍വശത്തും (ബാക്ക് ലൈന്‍) മാലിന്യങ്ങള്‍ കുന്നുകൂട്ടിയിടുന്ന പ്രവണത തുടരുന്നതായാണ് കണ്ടെത്തല്‍. നവംബര്‍ 6-ന് ‘സ്മാര്‍ട്ട് കൊയിലാണ്ടി’യുടെ ഭാഗമായി നടന്ന ശുചീകരണ യജ്ഞത്തില്‍ (ക്ലീനിങ് ഡ്രൈവ്) പല വ്യാപാരികളും സ്വന്തം നിലയ്ക്ക് സ്ഥാപനങ്ങളുടെ പരിസരത്തെ മാലിന്യം നീക്കം ചെയ്തിരുന്നു. എന്നിട്ടും ചില സ്ഥാപനങ്ങള്‍ നിയമലംഘനം തുടരുകയാണ്. ഇത്തരം സ്ഥാപനങ്ങളെ പരിശോധനയിലൂടെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭ സെക്രട്ടറി എല്‍. പാര്‍വ്വതി ചന്ദ്രന്‍ (KAS) അറിയിച്ചു.
ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍-ചാര്‍ജ് പി. എ. വിനോദ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെമിഷ് മുഹമ്മദ്, ഷീബ വി. ജെ. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.












