ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു. കായിക ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ ജിംനാസ്റ്റിക്സ് അക്കാദമിയിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കായികതാരം കെ. ധ്യാൻ ശങ്കറിനെ അനുമോദിച്ചു. കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സത്യൻ, ഒ. രാജഗോപാൽ, മൂസ ഹാജി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കുട്ടികൾ അണിനിരന്ന, വിവിധ കായിക ഇനങ്ങളുടെ പ്രദർശനം നടന്നു. വൂഷു, കരാട്ടെ, ജിംനാസ്റ്റിക്സ്, കളരിപ്പയറ്റ് തുടങ്ങിയ കായിക ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി. ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ. ഷാജേഷ് കുമാർ നന്ദി രേഖപ്പെടുത്തി.
സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ വ്യത്യസ്ത കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വടകര ഐ. പി. എം. സെന്ററിൽ കരാട്ടെ ചാമ്പ്യൻഷിപ്പും മാങ്കാവ് എവല്യൂഷൻ ക്ലബ്ബിൽ ആം റെസ്ലിങ് മത്സരവും, നടുവണ്ണൂർ സ്പോർട്സ് അക്കാദമിയിൽ വോളിബോൾ മത്സരവും നടന്നു. കൂടാതെ കോഴിക്കോട് ബീച്ചിൽ ബീച്ച് ഫുട്ബോളും, മാനാഞ്ചിറ ബാസ്കറ്റ്ബോൾ ഗ്രൗണ്ടിൽ ബാസ്കറ്റ്ബോളും, നടക്കാവ് സ്വിമ്മിങ് പൂളിൽ സ്വിമ്മിങ് മത്സരവും, കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തിൽ ബോക്സിങ് മത്സരവും നടന്നു.











