സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ: വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു

കോഴിക്കോട്: ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു. എൻഐടി ഗ്രൗണ്ടിന് സമീപമുള്ള സംഘാടക സമിതി ഓഫീസിൽ ചേർന്ന യോഗം വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേളയിൽ പങ്കെടുക്കുന്ന പതിനായിരത്തോളം വരുന്ന മത്സരാർഥികൾക്കും ഒഫീഷ്യലുകൾക്കും കാണികൾക്കും സുരക്ഷിതവും സുലഭവുമായ കുടിവെള്ളം ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ യോഗത്തിൽ തീരുമാനമായി.

കോഴിക്കോട് എൻഐടി ഗ്രൗണ്ട് പ്രധാന വേദിയായും പരിസര പ്രദേശങ്ങളിലെ വിവിധ മൈതാനങ്ങൾ മറ്റു വേദികളായുമാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കുടിവെള്ള വിതരണം നടത്തുക. ഇതിനായി മൺകൂജകളും തണ്ണീർ കൂജകളും സജ്ജീകരിക്കുമെന്നും ഇതിനാവശ്യമായ മുൻകരുതലുകൾ പൂർത്തിയായതായും യോഗം വിലയിരുത്തി.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ കെ.എം.എ. നാസർ, ജോയിന്റ് കൺവീനർമാരായ മുഹമ്മദ് അസ്ലം, എബി ദേവസ്യ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം കുന്നത്ത്, വൈസ് ചെയർമാന്മാരായ ടി.എം. ജോസഫ്, റോയ് മുരിക്കോലി, വി.പി. പുഷ്പവേണി, അജിത ആണിയം വീട്ടിൽ, ഫൗസിയ, മുഹമ്മദ് അൻഷിദ, സുബൈദ പുതിയാടം, രാജേന്ദ്രൻ മാസ്റ്റർ, ഡോ. ജോസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!