കൊയിലാണ്ടിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു, കടകള്‍ക്ക് നോട്ടീസ് നല്കി

കൊയിലാണ്ടി: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി. നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി 11 ഓളം കടകളിലാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ ഗാമ കിച്ചന്, മലയാളിസ് ഊട്ടുപുര എന്നീ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായതും പഴകിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുകയും ശുചിത്വത്തില്‍ ഗുരുതരമായ പോരായ്മകള്‍ വരുത്തുകയും ചെയ്ത കടകള്‍ക്കെതിരെ നഗരസഭ ആരോഗ്യവിഭാഗം ഔദ്യോഗികമായി നോട്ടീസ് നല്കി. നോട്ടീസ് ലഭിച്ച കടകള്‍ നിശ്ചിത സമയത്തിനകം പോരായ്മകള്‍ പരിഹരിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും പുലര്‍ത്തുന്ന ശുചിത്വം, ജൈവ-അജൈവ മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയാണ് പരിശോധനാ സംഘം പ്രധാനമായും വിലയിരുത്തിയത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകുമെന്നും, വരും ദിവസങ്ങളിലും നഗരസഭാ പരിധിയില്‍ പരിശോധനകള്‍ ശക്തമായി തുടരുമെന്നും കൊയിലാണ്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. എ. വിനോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷീബ എം. എം, ലിഷ വി. ജെ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.












