വി. ഡി. സതീശന്റെ ‘അജ്ഞാത സ്‌പോണ്‍സറെ’ തേടി ഡിവൈഎഫ്‌ഐ; കൊയിലാണ്ടിയില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള മുഖ്യമന്ത്രി വി. ഡി. സതീശന് ചാര്‍ട്ടേര്‍ഡ് വിമാനയാത്രയ്ക്കായി പണം സ്‌പോണ്‍സര്‍ ചെയ്ത അജ്ഞാതനെ കണ്ടെത്താനായി വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘അജ്ഞാതന്റെ ചിത്രം വരയ്ക്കല്‍ മത്സരം’ സംഘടിപ്പിച്ചു. സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കൊയിലാണ്ടിയിലും വേറിട്ട രീതിയില്‍ സമരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയുടെ ചെലവ് വഹിച്ച സ്‌പോണ്‍സറുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിലെ സുതാര്യതക്കുറവ് ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രതീകാത്മകമായി എമര്‍ജന്‍സി ലൈറ്റും മെഴുകുതിരിയുമാണ് സമ്മാനങ്ങളായി നല്‍കിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ബിജീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി. കെ. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി ബിജോയ് സി. സ്വാഗതവും ട്രഷറര്‍ ആര്‍. ബി. റിബിന്‍ കൃഷ്ണ നന്ദിയും രേഖപ്പെടുത്തി. പ്രശസ്ത ചിത്രകാരന്‍ ഷാജി പൂക്കാട് ഉള്‍പ്പെടെ നിരവധി ആളുകളാണ് വേറിട്ട പ്രതിഷേധ പരിപാടിയിലും ചിത്രം വരയ്ക്കല്‍ മത്സരത്തിലും പങ്കാളികളായത്.












