നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം: കൊയിലാണ്ടിയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: സി.പി.ഐ. (എം) നേതാക്കളായ പിണറായി വിജയനെയും പി. എ. മുഹമ്മദ് റിയാസിനെയും കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ സി.പി.ഐ. (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ തുടര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളെന്ന് പ്രകടനത്തിന് ശേഷം നടന്ന വിശദീകരണ യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതുകൊണ്ട് കള്ളക്കേസുകള്‍ സൃഷ്ടിച്ച് ഇടതുപക്ഷ നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്.
ജനങ്ങളെ അണിനിരത്തി ഇത്തരം ജനദ്രോഹ, രാഷ്ട്രീയ പ്രതികാര നീക്കങ്ങളെ പ്രതിരോധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വിശദീകരണ യോഗത്തില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എല്‍. ജി. ലിജീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, കെ. ഷിജു, കെ. സത്യന്‍, കെ.ടി. സിജേഷ്, ആര്‍.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.











