ജി എച്ച് എസ് വന്മുഖത്തിന്റെ ‘SPACE’ പദ്ധതിക്ക് തുടക്കം

വന്മുഖം: കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിച്ച് അക്കാദമിക മികവിലേക്കും സർഗാത്മകതയിലേക്കും ഉയർത്തുന്നതിനായി GHS വന്മുഖം ആവിഷ്കരിച്ച SPACE – Smart Program for Academic Creativity & Excellence പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും പ്രകാശനവും ഷാഫി പറമ്പിൽ എം.പി. നിർവഹിച്ചു. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനും പഠനശേഷിയും സർഗാത്മകതയും ഉയർത്തുന്നതിനുമുള്ള നൂതന സംരംഭമാണ് SPACE പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനൊപ്പം പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പഠനപിന്തുണയും മികവുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന പഠനാവസരങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവർത്തനാധിഷ്ഠിത പഠനം, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, മെന്ററിംഗ്, റിമീഡിയൽ ക്ലാസുകൾ, ICT അധിഷ്ഠിത പഠനം, സർഗാത്മക പ്രവർത്തനങ്ങൾ, നിരന്തര മൂല്യനിർണയം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
മൂടാടി പഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പർ മുഹമ്മദലി പി.കെ., പഞ്ചായത്ത് അംഗങ്ങളായ സജിന പിരിഷത്തിൽ, റൗസി ബഷീർ, സബിത രാമൻവീട്ടിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ഷിനി കൊളാട്ടിൽ, മദർ പി.ടി.എ പ്രസിഡന്റ് ഹസ്ബിന റഷീദ് എന്നിവർ ആശംസകൾ നേർന്നു.
വിദ്യാലയത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന വർദ് അബ്ദുറഹിമാൻ, നാരായണൻ (അജിത), ഫിറോസ് പി.കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് നൗഫൽ നന്തി സ്വാഗതവും ഹെഡ്മാസ്റ്റർ രാജൻ പി.സി. നന്ദിയും പറഞ്ഞു.
‘ഓരോ കുട്ടിയും മികവിലേക്ക്’ എന്ന ആശയത്തെ മുൻനിർത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ SPACE പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് വിദ്യാലയം അറിയിച്ചു.












