വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസന പദ്ധതി പ്രദേശം മന്ത്രി ടി സിദ്ദീഖ് സന്ദര്‍ശിച്ചു

കൃഷി വകുപ്പിന്റെ പദ്ധതി കൂടി സംയോജിപ്പിച്ച് വിപുലമായ പദ്ധതി തയാറാക്കുമെന്ന് മന്ത്രി

കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസന പദ്ധതി പ്രദേശം കൃഷിമന്ത്രി ടി സിദ്ദീഖ് സന്ദര്‍ശിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന 20.70 കോടി രൂപയുടെ പദ്ധതിയുടെ പുരോഗതി മന്ത്രി വിലയിരുത്തി. ഇതിനൊപ്പം കൃഷി വകുപ്പിന്റെ പദ്ധതി കൂടി സംയോജിപ്പിച്ച് വിപുലമായ പദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യം വളര്‍ത്തല്‍, ജൈവ കൃഷി, ഫാം ടൂറിസം, കന്നുകാലി വളര്‍ത്തല്‍, ജൈവ വള നിര്‍മാണം എന്നിവ നടപ്പാക്കും.

പ്രദേശത്തെ കര്‍ഷകര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ചായിരിക്കും പദ്ധതികള്‍ തയാറാക്കുക. ഇതിനായി കൃഷി, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ വിപുലമായ യോഗം പത്തുദിവസത്തിനകം വിളിച്ചുചേര്‍ക്കും. വെളിയണ്ണൂര്‍ ചല്ലിയിലും നായാടന്‍ പുഴ സംരക്ഷണത്തിനുമുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു.

അഡ്വ. കെ പ്രവീണ്‍ കുമാര്‍ എം.എല്‍.എ, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി.ടി ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ എ.പി സുധീഷ്, രമ്യ പണ്ടാരക്കണ്ടി, കൗണ്‍സിലര്‍മാരായ വിജയലക്ഷ്മി പൈത്തൊടി, കെ.കെ ഭാവന, കെ.കെ ഹൈറുന്നീസ, ലാലിഷ പുതുക്കുടി, ലത കെ. അപര്‍ണ, റാഷിദ് മുത്താമ്പി, പി.ടി ഉമേന്ദ്രന്‍, പി.ടി സുരേന്ദ്രന്‍, കൃഷി അസി. ഡയറക്ടര്‍ വി.പി നന്ദിത, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

വെളിയന്നൂര്‍ ചല്ലി നെല്‍കൃഷി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 279.78 ഹെക്ടര്‍ പാടശേഖരം നെല്‍കൃഷിക്ക് അനുയോജ്യമാകും. ഇതില്‍ 70 ശതമാനം നെല്‍കൃഷിക്കും ബാക്കി ഭാഗം ഫാം ടൂറിസം പദ്ധതിക്കും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ചെറോല്‍താഴ, മൂഴിക്കല്‍താഴെ എന്നിവിടങ്ങളില്‍ ഉപ്പുവെള്ള പ്രതിരോധ തടയണകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. തെക്കന്‍ ചല്ലി, വടക്കന്‍ ചല്ലി, ഒറവിങ്കല്‍ താഴ, ഒറ്റക്കണ്ടം ഖാദി, ഒല്ലാച്ചേരിത്താഴ എന്നിവിടങ്ങളില്‍ ട്രാക്ടര്‍ വേ നിര്‍മാണവും പൂര്‍ത്തിയായി. നമ്പൂരിക്കണ്ടി താഴ, ചെറോല്‍താഴ എന്നിവിടങ്ങളില്‍ പമ്പ്ഹൗസ് നിര്‍മാണം പുരോഗമിക്കുന്നു. പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലസംഭരണത്തിനായി ചെറുകുളങ്ങളും നിര്‍മിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!