ജില്ലയില്‍ 46 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ യാഥാര്‍ഥ്യമായി, ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ 64.56 ശതമാനം പൂര്‍ത്തിയായി

കോഴിക്കോട് ജില്ലയില്‍ 46 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി പൂര്‍ത്തിയായതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല റവന്യൂ അവലോകന യോഗത്തില്‍ അറിയിച്ചു. 72 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. ഭൂമി പതിച്ചുനല്‍കല്‍, പട്ടയ വിതരണം, ഡിജിറ്റല്‍ സര്‍വേ, മിച്ചഭൂമി, വിവിധ വകുപ്പുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ 64.56 ശതമാനം പൂര്‍ത്തിയായി. ഡിജിറ്റല്‍ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കി തീരദേശ മേഖലകളിലെയും പുഴ പുറമ്പോക്കിലെയും പട്ടയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.
ജില്ലയില്‍ ഇതുവരെ 19,854 എല്‍.ടി പട്ടയങ്ങള്‍, 609 എല്‍.എ പട്ടയങ്ങള്‍, 304 മിച്ചഭൂമി പട്ടയങ്ങള്‍, 800 ദേവസ്വം പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്തു. ശേഷിക്കുന്ന അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും എത്രയും വേഗം പട്ടയം നല്‍കും. എസ്.സി/എസ്.ടി കോളനികളില്‍ ശേഷിക്കുന്ന പട്ടയ വിതരണ നടപടികള്‍ പ്രത്യേക പരിഗണനയോടെ പൂര്‍ത്തിയാക്കും. വിവിധ താലൂക്കുകളില്‍ എന്‍.ഒ.സി, സര്‍വേ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.
കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായും നിരവധി കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂമിയിലെ കൈവശക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പി.ഡബ്ല്യൂ.ഡി റോഡുകളോട് ചേര്‍ന്നുള്ള കൈവശഭൂമികള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തടസ്സം പരിഹരിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. ഭൂമി തരംമാറ്റത്തിനുള്ള 79,375 അപേക്ഷകളില്‍ 44,042 എണ്ണം തീര്‍പ്പാക്കി. ദുരന്ത നിവാരണം, പ്രകൃതി ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് 2022 മുതല്‍ 2025 വരെ 15,00,44,700 രൂപ അനുവദിച്ചു. പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന 370 റോഡുകളില്‍ 116 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 129 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു.
വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട 430 കേസുകളാണ് ജില്ലയിലുള്ളത്. കൈയേറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണെന്നും യോഗത്തില്‍ അറിയിച്ചു.





;




