2026 ലോകകപ്പ് ജേതാക്കള്‍ക്ക് ട്രോഫിക്കും സ്വര്‍ണ്ണ മെഡലുകള്‍ക്കും പുറമെ സര്‍പ്രൈസ് സമ്മാനവുമായി ഫിഫ

2026 ലോകകപ്പ് ജേതാക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി ഫിഫ. കിരീടം ചൂടുന്ന ടീമിന് ലോകകപ്പ് ട്രോഫിക്കും സ്വർണ്ണ മെഡലുകൾക്കുമൊപ്പം ‘ചാമ്പ്യൻഷിപ്പ് റിങ്ങുകളും’ സമ്മാനിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഉത്തര അമേരിക്കൻ പ്രൊഫഷണൽ സ്പോർട്സ് ലീഗുകളിൽ വിജയികള്‍ക്ക് മോതിരം കൈമാറുന്ന പാരമ്പര്യം ഇതാദ്യമായാണ് ലോക ഫുട്ബോളിലേക്ക് ഫിഫ അവതരിപ്പിക്കുന്നത്.
ലോകകപ്പ് വർഷത്തിന്റെ ഓർമയ്ക്കായി ഫിഫ നിർമിക്കുന്ന 2,026 പ്രത്യേക മോതിരങ്ങളിൽ 30 എണ്ണം വിജയികൾക്കുള്ളതാണ്. ബാക്കി 1,996 മോതിരങ്ങളും ആരാധകർക്കായി വിപണിയിലെത്തിക്കും. വ്യാജന്മാരെ പൂട്ടാന്‍ ആധികാരികത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. വില വിവരങ്ങളോ റിങില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
വിജയികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്ന ഈ മോതിരത്തിന്റെ ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ ചിത്രവും മറു വശത്ത് വിജയിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവും ആലേഖനം ചെയ്യും. ഓരോ മോതിരത്തിലും കൃത്യമായ നമ്പറുകളും രേഖപ്പെടുത്തും. മത്സരത്തിന് തൊട്ടുപിന്നാലെ നടക്കുന്ന സമ്മാനദാന ചടങ്ങിൽ വെച്ച് കളിയിലെ വിജയികളായ ടീമിന്റെ ക്യാപ്റ്റനും പരിശീലകനും താൽക്കാലികമായ മോതിരങ്ങളാവും മൈതാനത്ത് വെച്ച് നൽകുക. പിന്നീട് കളിക്കാരുടെ കൃത്യമായ അളവുകൾ അനുസരിച്ച് കസ്റ്റമൈസ് ചെയ്ത ശേഷമാകും സ്വർണ്ണ മോതിരങ്ങൾ സമ്മാനിക്കുക. ഇതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിക്കും.
ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ സ്പെയിനും നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലാണ് മാറ്റുരയ്ക്കുന്നത്. മെസി ലമിൻ യമാൽ നേർക്കുനേർ വരുന്ന കലാശപ്പോരിന് ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർ സ്‌പെയിനും അർജന്റീനയും തമ്മിലുള്ള മത്സരങ്ങളുടെ കണക്കുകൾ ഇഴകീറി പരിശോധിക്കുകയാണ്.





;




