പാലക്കുളം ഭാഗത്ത് റെയില്‍വേ അടിപ്പാതയും ദേശീയപാത 66 ബൈപ്പാസില്‍ സര്‍വീസ് റോഡും അനുവദിക്കണം ജനകീയ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: പാലക്കുളം ഭാഗത്ത് റെയിൽവേ അടിപ്പാതയും ദേശീയപാത 66 ബൈപ്പാസിൽ സർവീസ് റോഡും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി രൂപീകരിച്ചു.
മൂടാടി പഞ്ചായത്തിലെ 13, 16 വാർഡുകളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളും വിദ്യാർഥികളും നിലവിൽ കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്. പാലക്കുളം ഭാഗത്ത് റെയിൽവേ അടിപ്പാതയും ദേശീയപാതയിൽ സർവീസ് റോഡും ലഭ്യമാകുന്നതോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം ഏറെ മെച്ചപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗോഖലെ യു.പി. സ്കൂളിൽ ചേർന്ന പ്രദേശവാസികളുടെ യോഗത്തിൽ വാർഡ് മെമ്പർമാരായ കെ. മഞ്ജുള, കെ. സത്യൻ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു എന്നിവർ രക്ഷാധികാരികളായി തിരഞ്ഞെടുക്കപ്പെട്ടു.
നാരായണൻ പുത്തലത്ത് പ്രസിഡന്റായും, സജീഷ് മൂലത്ത് വൈസ് പ്രസിഡന്റായും, ചന്ദ്രൻ അലിയങ്ങാട്ട് ജനറൽ കൺവീനറായും, നാരായണൻ ഒതയോത്ത് ജോയിന്റ് കൺവീനറായും, ഒ.ടി. വിനോദൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. രാമചന്ദ്രൻ നടുവിലയിൽ, വി.വി. ഷംസു, സി.എച്ച്. ഉണ്ണികൃഷ്ണൻ, മുരളി മൂത്തട്ടിൽ, ഇ.ടി. ഉണ്ണികൃഷ്ണൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
വാർഡ് മെമ്പർ കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. പുത്തലത്ത് നാരായണൻ, ഒ.ടി. വിനോദൻ, ചന്ദ്രൻ അലിയങ്ങാട്ട്, സജീഷ് മൂലത്ത് എന്നിവർ സംസാരിച്ചു.









