85 കഴിഞ്ഞവര്‍ക്കും ഭിന്നശഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ്

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിംഗ്) സൗകര്യം. 85 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക. ഇതിനു പുറമെ, ജോലി കാരണം പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ വരണാധികാരി നിശ്ചയിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ (പിവിസി) എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

ഹോം വോട്ടിംഗിനും പോസ്റ്റല്‍ വോട്ടിംഗിനുമുള്ള അപേക്ഷകള്‍ ഫോറം 12ഡി-യില്‍ മാര്‍ച്ച് 21നകം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. അപേക്ഷയുടെ മാതൃക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (https://kozhikode.nic.in/en/postal-ballot-form-12d/) ലഭ്യമാണ്.

ഹോം വോട്ടിംഗിനുള്ള അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖാന്തരം നല്‍കാം. നിലവില്‍ വോട്ടര്‍ പട്ടികയില്‍ മുതിര്‍ന്നവര്‍ അഥവാ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്കാണ് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക. അര്‍ഹരായ ഭിന്നശേഷിക്കാര്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണം. മുതിര്‍ന്നവര്‍ക്ക് 12 ഡി ഫോറത്തിലുള്ള അപേക്ഷ മാത്രം മതിയാകും.

പോലിസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, ഫോറസ്റ്റ്, മില്‍മ, വാട്ടര്‍ അതോറിറ്റി, ട്രഷറി, ആരോഗ്യ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദർശൻ, റെയിൽവേ, പോസ്റ്റൽ വകുപ്പ്, ബി എസ് എൻ എൽ, തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരും വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലായതിനാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയാത്തവരുമായ വോട്ടര്‍മാരെയാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ നിശ്ചിത ഫോറത്തിലെ അപേക്ഷയ്‌ക്കൊപ്പം ബന്ധപ്പെട്ട സ്ഥാപനം/വകുപ്പ് നിയമിച്ച നോഡല്‍ ഓഫീസറുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!