കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ക്യാബിന് തീപിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ക്യാബിന് തീപിടിച്ചു. ദേശീയപാതയില്‍ മീത്തലെ കണ്ടി പള്ളിക്ക് സമീപത്തു നിന്നാണ് സംഭവം. ക്യാബിനില്‍ നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ലോറി വശത്തേക്ക് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു.
തീ പടര്‍ന്നതോടെ ക്യാബിനില്‍ സൂക്ഷിച്ചിരുന്ന പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും സമീപത്തെ കടയുടെ ബോര്‍ഡിലേക്ക് തീ പടരുകയും ചെയ്തു. ക്യാബിന് പൂര്‍ണമായും കത്തി നശിച്ചനിലയിലാണ്. ഉടന്‍ തന്നെ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നും കണ്ണൂരിലേക്ക് കാലിത്തീറ്റയുമായി പോവുകയായിരുന്നു ലോറി. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.









