ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്


കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.ജയിലിന്റെ അഴികള്‍ മുറിക്കാന്‍ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകള്‍ പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാള്‍ മൊഴി നല്കി. ജയിലിന്റെ മതില് ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി.
ജയില്‍ ചാടിയതിന് ശേഷം ഗുരുവായൂരില്‍ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവര്‍ച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷന് എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താന്‍ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നല്കി.
ഗോവിന്ദചാമി പിടിയില്‍; ജയില്‍ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നും പിടിയിലായി
ജയിലിനുള്ളില്‍ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിയെ ജയില്‍ ചാടാന്‍ സഹായിച്ചവരെക്കുറിച്ചും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്.
അതോസമയം ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് പേരെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചു. ഇന്നലെ രാത്രി ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെന്റ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവരെയുമാണ് അടിയന്തിരമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലില്‍ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയില്‍ ചാടിയതെന്ന് ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോള്‍ കുറ്റപ്പെടുത്താനില്ല. ഉടന്‍ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാന്‍ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.











