പുതിയ അധ്യയന വര്‍ഷം ജില്ലയില്‍ പ്രവേശനം നേടുക 60,000 വിദ്യാര്‍ഥികള്‍, കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കോഴിക്കോട്‌: പുതിയ അധ്യയന വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം പെരിങ്ങളം ജിഎച്ച്എസ്എസില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍ രണ്ടിന് എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തും.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ലഹരി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്‌കൂളുകള്‍, വിദ്യാര്‍ഥി സംഘര്‍ഷം നടക്കുന്ന സ്‌കൂളുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കാനും നടപടികള്‍ കര്‍ശനമാക്കാനും പോലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

പുതിയ അധ്യയന വര്‍ഷം ജില്ലയില്‍ 60,000ത്തോളം വിദ്യാര്‍ഥികള്‍ പ്രവേശനം നേടുമെന്ന് ഡിഡിഇ മനോജ് മണിയൂര്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് ‘മുന്നൊരുക്കവാരം’ ആചരിക്കും. 93 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായി. കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്‌കൂളുകളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായതായും ഡിഡിഇ അറിയിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷ, സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ്, യാത്രാസൗകര്യം, ആരോഗ്യ സുരക്ഷ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന, കുട്ടികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, ലഹരി ജാഗ്രത സമിതി യോഗം എന്നിവ നടത്താനും തീരുമാനിച്ചു. പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചതായും ഉച്ച ഭക്ഷണത്തിന് വേണ്ട അരി ഉള്‍പ്പെടെ സ്റ്റോക്കുള്ളതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്ക് എക്സൈസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് പരിശീലന ക്ലാസ് നല്‍കും.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസര്‍, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹകീം, വിദ്യാകിരണം കോഡിനേറ്റര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!