‘ഗോൾ ഫോർ ഇക്വാലിറ്റി’ ടൂർണമെൻ്റ് സംഘടിപ്പിച്ചു

കോഴിക്കോട് വിമൻ ഫുട്ബോൾ ക്ലബ് ജേതാക്കൾ

അന്താരാഷ്ട്ര വനിത ദിനാഘോഷത്തോട് അനുബന്ധിച്ച് വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൻ്റെയും യുഎൻ വിമൻ്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഗോൾ ഫോർ ഇക്വാലിറ്റി’ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. കോഴിക്കോട് വിമൻ ഫുട്ബോൾ ക്ലബ് ജേതാക്കളായി. 7-7 തുല്യ സ്‌കോറിൽ കലാശിച്ച പെനാൽറ്റി ഷൂട്ടൗട്ടിനെ തുടർന്ന് വിജയിയെ ടോസിട്ട് തെരഞ്ഞെടുക്കുകയായിരുന്നു. സിവിൽ സർവൻ്റ്സ് മലപ്പുറമാണ് റണ്ണേഴ്സ് അപ്പ്.

വിജയികൾക്ക് ഫിഫ ഇന്ത്യൻ കോച്ച് ബെൻ്റ്ല ഡികോത്ത ട്രോഫി സമ്മാനിച്ചു.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ലോകകപ്പ് കളിച്ച ആദ്യ മലയാളി താരം സരസമ്മ ലളിത കിക്കോഫ് ചെയ്ത് ടൂർണമെൻ്റിന് ആരംഭം കുറിച്ചു.

സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, കോർപ്പറേഷൻ വാർഡ് കൗൺസിലർ ഫെനിഷ കെ തോമസ്, ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, റിട്ട. സബ് ഇൻസ്‌പെക്ടർ എൻ എ വിനയ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജേഷ്, യുഎൻ വിമൻ സംസ്ഥാന കോർഡിനേറ്റർ ഡോ. പീജ രാജൻ തുടങ്ങിയവർ സംസാരിച്ചു.

ആഗോള തലത്തിൽ സ്ത്രീകൾ കൈവരിച്ച പുരോഗതിയും ലിംഗസമത്വത്തിനായി അവർ നടത്തുന്ന പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള അവസരമാണ് അന്താരാഷ്ട്ര വനിത ദിനം. കായികരംഗത്ത് വനിത പങ്കാളിത്തത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, സ്ത്രീകൾക്കെതിരായ വാർപ്പുമാതൃകകളും പക്ഷഭേദങ്ങളും വെല്ലുവിളികളും ചോദ്യം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

കുടുംബശ്രീ, ഹരിത കർമ്മ സേന അംഗങ്ങളുടെയും കുഴിമണ്ണ വാരിയേഴ്സും ഫൈറ്റേഴ്സ് ഉറങ്ങാട്ടേരിയും ഉദ്ഘാടന വേളയിലും മാധ്യമ പ്രവർത്തകരും ദേശീയ ആരോഗ്യ ദൗത്യ പ്രവർത്തകർ വൈകീട്ട് 3.15 നും ബാർ കൗൺസിൽ അംഗങ്ങളായ അഭിഭാഷകരും ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥരും വൈകീട്ട് 4.45 നും സൗഹൃദ പ്രദർശന മത്സരത്തിനായി ബൂട്ടണിഞ്ഞു. പ്രദർശന മത്സര വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ ട്രോഫികൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!