തിരുവനന്തപുരം കൂട്ടക്കുരുതി: പ്രതി ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. പ്രതിയുടെ മാനസിക നില പരിശോധിക്കും.
മാല പണയം വച്ച് പൈസ വാങ്ങിയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിൽ അഫാൻ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. അഫാൻ ലത്തീഫിനെ 20 ഓളം അടി അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ് ലത്തീഫ് ഇന്നലെ അഫാൻ്റെ വീട്ടിലെത്തിയത്. കുടംബത്തിൽ എന്ത് പ്രശ്നം വന്നാലും സംസാരിക്കുന്നത് ലത്തീഫിൻ്റെ സാന്നിധ്യത്തിലാണ്. ലത്തീഫ് ഇടനിലയ്ക്ക് വന്നതിന് അഫാന് ദേഷ്യം ഉണ്ടാകാമെന്നും പൊലീസ് പറയുന്നു.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പേരുമല സ്വദേശി അഫാൻ ക്രൂരകൃത്യം പൊലീസിനെ അറിയിച്ചതോടുകൂടിയാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കുരുതിയുടെ വിവരങ്ങൾ പുറത്തറിയുന്നത്. 3 വീടുകളിലായി 6 പേരെ കൊലപ്പെടുത്തിയതായാണ് യുവാവ് മൊഴി നൽകിയത്. പ്രതിയുടെ പെൺസുഹൃത്ത് ,സഹോദരൻ,പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ,പിതൃമാതാവ് എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ മാതാവ് ഷെമിൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
മാതാവിനെ ആക്രമിച്ചായിരുന്നു ക്രൂരകൃത്യത്തിന്റെ തുടക്കം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. ആഭരണം ചോദിച്ച് തർക്കമായതോടെ സൽമാ ബീവിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം പെൺസുഹൃത്ത് ഫർസാനയുടേയും സഹോദരന്റെയും ജീവനെടുത്തു. കൂട്ടക്കൊലയ്ക്ക് പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡി.കോളജിൽ ചികിത്സയിലാണ്.
ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പ്രതി പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്. അഫാന്റെ പിതാവ് വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയടക്കം ഉള്ളതായാണ് വിവരം. ഫർസാനയുമായുള്ള പ്രണയം വീട്ടുകാർ നിരസിച്ചതും കൂട്ടക്കൊലയ്ക്ക് കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്.







