കൃത്രിമ കണ്ണുള്ള അലന് ഭിന്നശേഷി സർട്ടിഫിക്കറ്റ് വേണം; ആരോഗ്യ വകുപ്പിന് നിർദേശം നൽകി മന്ത്രി ശശീന്ദ്രൻ


മടപ്പള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി അമൽ കൃഷ്ണ (14) യുടെ വലത് കണ്ണ് കൃത്രിമമാണ്. പക്ഷേ, മെഡിക്കൽ ബോർഡ് നൽകിയത് 30 ശതമാനം മാത്രം കാഴ്ചക്കുറവ് എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ്. 40 ശതമാനം കാഴ്ചവൈകല്യം ഉണ്ടെങ്കിലേ എന്തെങ്കിലും ആനുകൂല്യം കിട്ടുകയുള്ളൂ. ഒരു കണ്ണ് പൂർണ്ണമായും ഇല്ലായിട്ടും മകന് അതനുസരിച്ചുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന പരാതിയുമായാണ് വടകര വള്ളിക്കാട് ‘പുതിയാട’ത്തിൽ കെ കെ രാജീവൻ വടകര ടൗൺഹാളിൽ നടന്ന വടകര താലൂക്ക്തല അദാലത്തിൽ എത്തിയത്.
അലന്റെ പരാതി കേട്ട വനം മന്ത്രി എ കെ ശശീന്ദ്രൻ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറെ വിളിപ്പിച്ചു കാര്യം തിരക്കി. മാനദണ്ഡങ്ങൾ അനുസരിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നായിരുന്നു ഡെപ്യൂട്ടി ഡിഎംഒ-യുടെ മറുപടി. “ജന്മനാ ഒരു കണ്ണില്ലാത്ത ആളുടെ കാഴ്ചക്കുറവ് എങ്ങിനെയാണ് 30 ശതമാനം മാത്രമാകുന്നത്…?” മന്ത്രി ചോദിച്ചു. ഇക്കാര്യം ഒന്ന് കൂടി പരിശോധിച്ച് കുട്ടി അർഹിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ മന്ത്രി ഉടൻ തന്നെ നിർദേശം നൽകി.
ദിവസവരുമാനക്കാരനായ രാജീവൻ 2016 മുതൽ മകന് അർഹിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റിനായി വിവിധ വാതിലുകൾ മുട്ടുന്നു. “അലന് ജന്മനാ വലതുകണ്ണില്ല. മധുരയിലെ കണ്ണാശുപത്രിയിൽ വെച്ചാണ് കൃത്രിമ കണ്ണ് പിടിപ്പിച്ചത്. അലന്റെ ഇടത് കണ്ണിനും കാഴ്ചകുറവുണ്ട്. മൂന്ന് തവണ മെഡിക്കൽ ബോർഡ് നൽകിയ സർട്ടിഫിക്കറ്റുകളിൽ 30 ശതമാനം കാഴ്ചക്കുറവ് എന്നാണ് പറഞ്ഞിരിക്കുന്നത്,” രാജീവൻ പറഞ്ഞു.
അദാലത്തിൽ മന്ത്രി പറഞ്ഞ തീരുമാനമാകയാൽ മെഡിക്കൽ ബോർഡ് ഒരിക്കൽ കൂടി അലന്റെ കണ്ണ് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നാണ് രാജീവന്റെ പ്രതീക്ഷ.




