മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്, വി .എച്ച്.എസ്.ഇ. വിഭാഗം നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് കാരുണ്യത്തിന്റെ നേർക്കാഴ്ചയായി

മേപ്പയ്യൂർ : മേപ്പയ്യൂർ ജി. വി. എച്ച്. എസ്. എസ്. വി. എച്ച്. എസ്. ഇ. വിഭാഗം എൻ. എസ്. എസ്. യൂണിറ്റും കോഴിക്കോട് എം. വി. ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. ദുരിതമനുഭവിക്കുന്ന കാൻസർ രോഗികൾക്ക് കൈത്താങ്ങാകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സ്കൂളിൽ വെച്ച് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.

സ്കൂളിലെ വി. എച്ച്. എസ്. ഇ. സെക്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വി. പി ബിജു ആദ്യ രക്ത ദാതാവായി മാതൃകയായി. വാർഡ് മെമ്പർ സുനിത ആച്ചികുളങ്ങര എസ്. എം. സി. ചെയർമാൻ ഷബീർ ജന്നത്ത്, പി ടി എ വൈസ് പ്രസിഡണ്ട് അസീസ് , മേപ്പയൂർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഹബീബത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എൻ.എസ്.എസ്. വളണ്ടിയർമാർ മേപ്പയ്യൂർ ടൗണിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും കടകളിലും നേരിട്ടെത്തി വിപുലമായ രീതിയിൽ ജനങ്ങളെ ബോധവൽക്കരിക്കുകയും രജിസ്ട്രേഷൻ നടത്തുകയും ചെയ്തിരുന്നു. എൻ. എസ്. എസ്. വളണ്ടിയർമാരുടെ ഊർജ്ജസ്വലമായ പ്രവർത്തനവും, അധ്യാപകർ, പി. ടി. എ. പ്രതിനിധികൾ, രക്ഷകർത്താക്കൾ എന്നിവരുടെ സജീവമായ സഹകരണവുമാണ് ക്യാമ്പ് വൻ വിജയമാക്കാൻ സഹായിച്ചത് എന്ന് ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർ ആമിൽ ഫിറോസ് സമാപന സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 3:30 മണിയോടെയാണ് സമാപിച്ചത്. നിരവധി പൊതുജനങ്ങളും യുവാക്കളും സന്നദ്ധരായി മുന്നോട്ടുവന്ന് രക്തം ദാനം ചെയ്തു. ‘മാനവികതയുടെ ഒരു തുള്ളി’ എന്ന സന്ദേശം നെഞ്ചിലേറ്റിക്കൊണ്ട്, ജീവിതത്തോട് മല്ലിടുന്ന രോഗികൾക്ക് വലിയൊരു ആശ്വാസമേകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ക്യാമ്പിന്റെ സംഘാടകരായ എൻ.എസ്.എസ്. വളണ്ടിയർമാരും അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!