താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പരപ്പൻപൊയിൽ സ്വദേശി ഷാഫിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവാസിയുമായി പോകുന്ന വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ എൽ 16 ക്യു 7001 എന്ന നമ്പരാണ് കാറിന്റേതെന്ന് വ്യക്തമായിട്ടുണ്ട്.
ഷാഫിയുടെ വീടിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലാണ് കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ആറ്റിങ്ങൽ രജിസ്ട്രേഷനാണ് നമ്പരെങ്കിലും മലപ്പുറം ആർ ടി ഓഫീസിന് കീഴിലാണ് ഇപ്പോൾ വണ്ടിയുള്ളത്. വണ്ടിയുടെ ഉടമക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം ഉപേക്ഷിക്കാനോ വ്യാജ നമ്പർ ഉപയോഗിച്ചിരിക്കാനോ ഉള്ള സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലംഗ സംഘം തോക്ക് ചൂണ്ടി വീട്ടിൽ നിന്നും ഷാഫിയെ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഷാഫിയെയോ തട്ടിക്കൊണ്ടു പോയവരെയോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന നിഗമനത്തിലാണ് പൊലീസ്. വയനാട്ടിലുള്ള ചിലരുമായി ഷാഫിക്ക് സാമ്പത്തിക ഇടപാടുകളുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇന്നലെ താമരശ്ശേരിയിലെത്തിയ ഉത്തരമേഖല ഐ ജി നീരജ് കുമാർ ഗുപ്ത അന്വേഷണ പുരോഗതി വിലയിരുത്തി.

