സംസ്ഥാനത്ത് സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നത് അഭിമാനകരം : മുഖ്യമന്ത്രി



തിരുവനന്തപുരം: ഓരോ വര്‍ഷവും കേരളത്തില്‍ നിന്നുള്ള സിവില്‍ സര്‍വീസ് പരീക്ഷ വിജയികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച സിവില്‍ സര്‍വീസ് വിജയികള്‍ക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആകെ 54 പേരാണ് കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷ ഇത്തവണ വിജയിച്ചത് ‘കഴിഞ്ഞവര്‍ഷം ഇത് 37 ആയിരുന്നു.
2005 ല്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിനുശേഷം ഏറ്റവും അധികം വിജയികള്‍ ഉണ്ടായ വര്‍ഷമാണ് 2024. വിജയികളുടെ എണ്ണത്തില്‍ മാത്രമല്ല പകരം സിവില്‍ സര്‍വീസ് ലക്ഷ്യമായി കാണുന്ന യുവതീയുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നുവെന്നതും സന്തോഷകരമാണ്. 2005ലെ നമ്മുടെ നാട്ടില്‍ നിന്നുള്ള സിവില്‍ സര്‍വീസ് പരീക്ഷ വിജയികളുടെ എണ്ണം എട്ട് ആയിരുന്നെങ്കില്‍ അക്കാദമിയുടെ വരവോടുകൂടി ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി. ഇന്ന് സിവില്‍സര്‍വീസ് അക്കാദമിക്ക് വിശാല സൗകര്യമുള്ള ഒരു കെട്ടിടം പണിതീര്‍ത്തിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങള്‍, വിപുലമായ ലൈബ്രറി അധ്യാപകര്‍ എന്നിവ പ്രത്യേകതകളാണ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന ക്ലാസുകള്‍ മാതൃകാ അഭിമുഖങ്ങള്‍ എന്നിവയും അക്കാദമി നടത്തിവരുന്നു. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിന്റെ ഫലമാണ് വിദ്യാര്‍ഥികള്‍ നേടിയ തിളക്കമാര്‍ന്ന വിജയം. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും പരിശീലനം ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തിരുവനന്തപുരത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ നിരവധി സബ് സെന്ററുകളും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു. രാജ്യത്തിന്റെ പൊതുസേവനത്തിന്റെ ഭാഗമാകാന്‍ തയാറായവരെന്ന നിലയില്‍ സേവനമേഖലയിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്റെ മാതൃക രാജ്യ വ്യാപകമാക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. രാജ്യത്തിന്റെ മികച്ച മാതൃകകള്‍ കേരളത്തിലേക്കെത്തിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണം പുതിയ കാലത്ത് സിവില്‍ സര്‍വീസിന്റെ ഭാഗമാകുന്നവരെന്ന നിലയില്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനസിലാക്കി അതിനൂതനമായ പബ്ലിക് അഡ്മിനിസ്ട്രേഷന് മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയണം. കാലഹരണപ്പെട്ട മാമൂലുകള്‍, മുന്‍വിധികള്‍ ഇവയൊക്കെ ഒഴിവാക്കി ജനസേവനത്തിന് അനുയോജ്യമായ സമീപനങ്ങളും മൂല്യങ്ങളും മനോഭാവങ്ങളും സ്വായത്തമാക്കണം. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് യജമാനന്മാര് എന്ന കാഴ്ചപ്പാട് പൂര്‍ണമായും ഉള്‍ക്കൊള്ളണം.
മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും സമഭാവനയോടെ ഉള്ള പെരുമാറ്റവും ഓരോരുത്തരെയും അവകാശത്തെ കുറിച്ചുള്ള അവബോധവും ദുര്‍ബലരായ മനുഷ്യരോടുള്ള സഹാനുഭൂതിയും ഏത് പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസവും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തണം. മാറുന്ന ലോകത്ത് അനുസരിച്ച് ഭരണനിര്‍വഹണ ശൈലി മാറുന്നില്ലെങ്കില്‍ അസംതൃപ്തിയിലേക്കും അസ്വസ്ഥത കളിലേക്കും നയിക്കും. അതുകൊണ്ടുതന്നെ ഉന്നതനിലവാരമുള്ള പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ പുരോഗമനപരമായ മാറ്റങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുകയും മതനിരപേക്ഷമായും നിയമാനുസൃതമായും മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജ്ജവവും സമര്‍പ്പണവും പുലര്‍ത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു വിഷയം നിങ്ങളുടെ പരിഗണനയ്ക്കു വരുമ്പോള്‍ ഏറ്റവും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയാണ് നമ്മളെ നയിക്കേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം ഭക്ഷണം എന്നിവ പോലെ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലും ജനങ്ങളുടെ അവകാശമാണ് എന്ന ഉത്തമബോധ്യം ഉണ്ടായിരിക്കണം. അങ്ങനെ സമൃദ്ധിയിലേക്ക് ജയിച്ചു മുന്നേറാന്‍ സിവില്‍ സര്‍വീസ് വിജയികള്‍ക്ക് കഴിയട്ടെയെന്നും കേരളത്തില്‍ സേവനം ആരംഭിക്കുന്ന വര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.സി.ഇ.കെ ഡയറക്ടര്‍ സുധീര്‍ കെ സ്വാഗതമാശംസിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് ആശംസകളര്‍പ്പിച്ചു. സിവില്‍ സര്‍വീസ് വിജയികള്‍ മറുപടി പ്രസംഗം നടത്തി. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഫാക്കല്‍റ്റി രാഹുല്‍ രാജേന്ദ്രന് ചടങ്ങിന് നന്ദി പറഞ്ഞു.














