പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധന ; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി; വീട് വയ്ക്കുന്ന ഘട്ടത്തില്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് ഇതുവരെ വിലങ്ങുതടിയായിരുന്നെതെങ്കില്‍ ഇപ്പോള്‍ പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധനയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ധന സെസ് ഏര്‍പ്പെടുത്തുക വഴി സകല മേഖലയിലും ഉണ്ടായ വിലക്കയറ്റം പാവപ്പെട്ടവന്റെ നടുവൊടിക്കുകയാണ്. വെള്ളക്കരവും വൈദ്യുത ചാര്‍ജും ഇതിനിടയില്‍ വര്‍ധിപ്പിച്ചു. നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണ് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്

വീട് വയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം അടയ്ക്കേണ്ട പെര്‍മിറ്റ് ഫീസും പത്തിരട്ടിയോളം ഉയര്‍ത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 150 ച.മീറ്റര്‍( അഥവാ 1615 സ്‌ക്വയര്‍ ഫീറ്റ് ) വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ വര്‍ധനവിന് മുന്‍പ് നല്‍കേണ്ടിയിരുന്ന അപേക്ഷാ ഫീസ് 30 രൂപയായിരുന്നു. പെര്‍മിറ്റ് ഫീസ് 525 രൂപയും.

ഇപ്പോഴത്തെ വര്‍ധന അനുസരിച്ച് 150 ച. മീറ്റര്‍ വരെയുള്ള വീടുകളുടെ അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മായി ഉയരും. പെര്‍മിറ്റ് ഫീസ് ഒരു ച. മീറ്ററിന് 50 രൂപയെന്ന നിരക്കില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ച് 150 ച. മീറ്റര്‍ വീടിന്റെ പെര്‍മിറ്റ് ഫീസ് 7500 രൂപയായി ഉയരും. 555 ല്‍ നിന്നു 8500 ലേയ്ക്കാണ് മൊത്തം ഫീസ് ഉയരുന്നത്. അതായത് 15 ഇരട്ടിയാണ് നിരക്ക് വര്‍ധന.

നഗരസഭാ പരിധിയില്‍ നേരത്തെയുണ്ടായിരുന്ന അപേക്ഷാ ഫീസ് 30 രൂപയും 150 ച. മീറ്റര്‍ വീടിന് പെര്‍മിറ്റ് ഫീസ് 525 രൂപയുമായിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച നിരക്കനുസരിച്ച് അപേക്ഷാ ഫീസ് 1000 രൂപയിലേക്ക് ഉയരും. പെര്‍മിറ്റ് ഫീസ് 10500 ആകും. ഇതോടെ മൊത്തം ചെലവ് 555 രൂപയായിരുന്നത് 11500 രൂപയായി വര്‍ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!