കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിനുശേഷം സുരേഷ് ഗോപി ആദ്യമായി കേരളത്തിലെത്തി കോഴിക്കോട് തളി ക്ഷേത്ര ദര്‍ശനം നടത്തി



കോഴിക്കോട്: കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപി കോഴിക്കോട് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ‘എനിക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ക്ഷേത്രങ്ങളുമായും വ്യക്തികളുമായും. എല്ലാ വിഭാഗം ആളുകളും എന്നെ പിന്തുണച്ചിട്ടുണ്ട്. എനിക്ക് അതൊന്നും മുറിച്ചുകളയാന്‍ പറ്റില്ല. ഞാന്‍ പണ്ടുമുതല്‍തന്നെ അങ്ങനെയാണ്. തൃശൂരിലെയും ഭാരതത്തിലെയും എല്ലാ ജനങ്ങളെയും വാരിപ്പുണര്ന്നുകൊണ്ടാണ് ഞാന്‍ തുടങ്ങിയിരിക്കുന്നത്. എന്നെ ദൈവമായിട്ട് ജനങ്ങളുടെ മനസില്‍ തോന്നിപ്പിച്ച്, ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തതാണ്. ഇതിനായി തൃശൂരിലെ കാര്യകര്‍ത്താക്കള്‍ ഒന്നര വര്‍ഷത്തോളമാണ് പ്രവര്‍ത്തിച്ചത്. ജനങ്ങളും അവരുമാണ് ഇനിയെന്റെ ഉത്തരവാദിത്തം’- ദര്‍ശനത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച മന്ത്രി വ്യക്തമാക്കി.
എയിംസ് കോഴിക്കോടുതന്നെ വരണമെന്ന് പറയാന്‍ എം കെ രാഘവന് അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിക്കും തന്റേതായ അവകാശമുണ്ട്. തന്റെ അഭിപ്രായം 2016ല്‍ പറഞ്ഞതാണ്. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. എം കെ രാഘവന് പറഞ്ഞതിലാണ് ദുരുദ്ദേശപരമായ രാഷ്ട്രീയമുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസ് കോഴിക്കോട്ടുകാരുടെ മാത്രം സ്വപ്നമല്ല, മലബാറിന്റെ ആവശ്യമാണെന്നാണ് കഴിഞ്ഞദിവസം കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ കോഴിക്കോട്ടെ നിയുക്ത എംപി എം കെ രാഘവന് പറഞ്ഞത്. അതിന് ആവശ്യമായ ഭൂമി കിനാലൂരില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സുരേഷ്ഗോപി എയിംസ് തൃശ്ശൂരില്‍ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. എയിംസിനായുള്ള ശ്രമം തുടരുമെന്നും കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.














