ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പേരാമ്പ്ര ഉണ്ണിക്കുന്നില്‍ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ വിട്ട് വീട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ ദാരുണമായി മരണപ്പെട്ടു. മുളിയങ്ങള്‍ കൂടത്തിങ്കല്‍ ഭാസ്‌കരന്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 യോടെയായിരുന്നു അപകടം. എം-സാന്‍ഡ് കയറ്റി വന്ന വാഹനം, 150 മീറ്ററോളം ദൂരമുള്ള കുത്തനെയുള്ള ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ വണ്ടി കുത്തനെ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. നാരോ കുന്നുമ്മല്‍ ശ്രീദേവിയുടെ വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്.

ഇടിയുടെ ആഘാതത്തില്‍ വീടിന്റെ സണ്‍ഷെയ്ഡിന് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഏറെ സാഹസികമായാണ് വാഹനത്തിന്റെ മുന്‍ഭാഗം പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. ഉടന്‍ തന്നെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!