റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണവില വർധിപ്പിച്ചു

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിലും കാന്റീനുകളിലും വിൽക്കുന്ന വിവിധ ഭക്ഷണസാധനങ്ങളുടെ വില ദക്ഷിണ റെയിൽവേ വർധിപ്പിച്ചു. അഞ്ച് മുതൽ 15 രൂപ വരെയാണ് വർധന. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു.

38 പാൻ ഇന്ത്യ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കുമാണ് വില കൂട്ടിയത്. 95 രൂപയായിരുന്ന മീൻകറിയോടുകൂടിയ ഊണിന് ഇനി 110 രൂപ നൽകണം. രണ്ട് ഇഡ്ഡലിയും ചട്നിയും 20ൽ നിന്ന് 25 രൂപയായും മസാലദോശ 25ൽ നിന്ന് 30 രൂപയായും ഉയർന്നു. റവദോശ, റവ ഉപ്പുമാവ്, ഉള്ളിദോശ, ബോണ്ട, ഉഴുന്നുവട, പരിപ്പുവട, മധുവട, മസാലവട, രണ്ട് സമൂസ എന്നിവയ്ക്കും അഞ്ച് രൂപ വർധിച്ചു.

റവ ഇഡ്ഡലി 25 രൂപയും വെജ് കട്‌ലറ്റ് 50 രൂപയും ഓംലെറ്റ് 45 രൂപയുമായി. രണ്ട് ഇടിയപ്പം 20 രൂപയും കടലക്കറി 45 രൂപയുമാണ് പുതിയ നിരക്ക്. രണ്ട് പൊറോട്ടയും കറിയും നാല് ചപ്പാത്തിയും കറിയും ഉൾപ്പെടെയുള്ള കോംബോയ്ക്ക് 10 രൂപ വർധിച്ച് 55 രൂപയായി.

അതേസമയം ഡിപ്പ് ചായ, കാപ്പി എന്നിവയ്ക്ക് വിലവർധനയില്ല. ചപ്പാത്തി, പൊറോട്ട, പഴംപൊരി, അരിപ്പത്തിരി, വെജിറ്റേറിയൻ ഊണ് എന്നിവയും പഴയ നിരക്കിൽ തുടരും. ചിക്കൻ ഫ്രൈഡ് റൈസ് 105 രൂപ, മുട്ട ഫ്രൈഡ് റൈസ് 80 രൂപ, വെജ് ഫ്രൈഡ് റൈസ് 65 രൂപ, ചില്ലി ചിക്കൻ 125 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!