കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനം;തസ്തികകളും പുതിയ വിഭാഗങ്ങളും അനുവദിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജിലെ ഡോ. ജയറാം പണിക്കര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അനുമതിയായി.

മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികകള്‍ വര്‍ദ്ധിപ്പിക്കാനും റേഡിയോതെറാപ്പി വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക പുതുതായി അനുവദിക്കും. ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി വിഭാഗത്തിന് പുതിയ ഫാക്കല്‍റ്റി അല്ലെങ്കില്‍ എച്ച്.ഒ.ഡിയെ നിയമിക്കും. വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ‘റീപ്രൊഡക്റ്റീവ് മെഡിസിന്‍’ വിഭാഗം പുതുതായി ആരംഭിക്കാനും തീരുമാനമായി. കുട്ടികളുടെ ഐ.സി.യു കൂടുതല്‍ സൗകര്യങ്ങളോടെ മൂന്നാം നിലയിലേക്ക് മാറ്റും. കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ക്കായി നിലവിലുള്ള ഓപ്പറേഷന്‍ തിയറ്റര്‍ നവീകരിക്കാനും യോഗം തീരുമാനിച്ചു. ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് അത്യന്താപേക്ഷിതമായ ഹാര്‍ട്ട്-ലങ് മഷീന്‍ വാങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ എല്ലാ എം.എല്‍.എമാരും മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍ വാങ്ങി നല്‍കുന്നതില്‍ ഫണ്ട് വിനിയോഗിക്കും. ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിയിലുള്ള ചോര്‍ച്ച പരിഹരിക്കാനും, വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം അടിയന്തരമായി കാണാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ അഡ്വ. കെ ജയന്ത് എംഎല്‍എ, കോളേജ് പ്രിന്‍സിപ്പാള്‍ കെ ജി സജിത്ത്, സൂപ്രണ്ട് ഡോ എം പി ശ്രീജയന്‍ വിവിധ വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!