പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു


ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി. പാപ്പച്ചന്‍ 77) ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങി മരിച്ചത്. പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോസഫ് പരാതി നല്‍കിയിരുന്നു. അയല്‍വാസികളാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടത്. മകളെ പിന്നീട് അനാഥാലയത്തിലാക്കിയിരിക്കുയായിരുന്നു. ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷത്തോളമായി.

തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 9നാണ് ജോസഫ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.

മന്ത്രി, ജില്ലാ കലക്ടര്‍, പെരുവണ്ണാമൂഴി പൊലീസ് എസ്എച്ച്ഒ, പഞ്ചാത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് 15 ദിവസത്തിനകം പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

പെന്‍ഷന്‍ അനുവദിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

കത്ത് നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചു. ഒരാഴ്ച മുന്‍പ് പഞ്ചായത്ത് സെക്രട്ടറിയുടെ അടുത്ത് വീണ്ടും പരാതി നല്‍കിയിരുന്നു.

കടം വാങ്ങി മടുത്തുവെന്നും പെന്‍ഷന്‍ അനുവദിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നവംബര്‍ 9ന് നല്‍കിയ കത്തില്‍ പറഞ്ഞു. ”മൂത്ത മകള്‍ ജിന്‍സി (47) കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. ഉന്നുവടിയുടെ സഹായത്തോടെയാണ് ഞാന്‍ നടക്കുന്നത്. ഞങ്ങള്‍ ജീവിക്കുന്നത് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ കൊണ്ടാണ്. പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി.

പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും പെന്‍ഷന്‍ അനുവദിക്കണം.

ഇല്ലെങ്കില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാന്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു”- എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!