വിദ്യാര്‍ത്ഥികളില്‍ ശാസത്രാഭിരുചിയും പഠനോത്സുകതയും വളര്‍ത്താന്‍ എക്‌സ്‌പോ പോലുള്ള മേളകള്‍ക്ക് കഴിയണം – എം പി കെ. മുരളീധരന്‍



കൊയിലാണ്ടി: ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വി എച്ച് എസ് ഇ വടകര മേഖലാ വൊക്കേഷണല്‍ എക്‌സ്‌പോ ഇന്ന് കാലത്ത് 10 മണിക്ക് എം പി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എ കാനത്തില്‍ ജമീല, കെ. ഷിജു, ഇ. കെ. അജിത്ത് മാസ്റ്റര്‍, എം. പി. ശിവാനന്ദന്‍,
ഡി ഡി ഇ മനോജ്കുമാര്‍ വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ ജനപ്രതിനിധികളും പിടിഎ അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
40 ഓളം സ്റ്റാളുകളിലായി കോഴിക്കോട്, വയനാട് ജില്ലകളിലെ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥികള്‍ കരിക്കുലം, ഇന്നൊവേറ്റീവ്, പ്രോഫിറ്റബിള്‍, മാര്‍ക്കറ്റബിള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഒരുക്കിയ നൂതനവും വൈവിധ്യപൂര്‍ണ്ണവുമായ പ്രൊജക്ടുകളും ഉത്പന്നങ്ങളും കാണുവാനും അതോടൊപ്പം വിധി നിര്‍ണയ ശേഷം വില്‍പ്പനയ്ക്ക് വെക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കിയത് നവ്യാനുഭവമായി.
ശാസ്‌ത്രോത്സവ വേദിയില്‍ നിന്നും ഭിന്നമായി വൊക്കേഷണല്‍ എക്‌സ്‌പോ മേളയിലേക്ക് നിയന്ത്രണവുമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രവേശനം സൗജന്യമാണ്. ആദായകരമായ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണെന്നത് സ്റ്റാളുകളില്‍ സന്ദര്‍ശന തിരക്കിന് കാരണമായി.
പുതിയ പാഠ്യപദ്ധതി ക്രമമനുസരിച്ച് എന്‍ എസ് ക്യു എഫ് കോഴ്‌സുകളെ അടിസ്ഥാനമാക്കിയായിരുന്നു ഭൂരിപക്ഷം സ്റ്റാളുകളും ഒരുക്കിയത്. എക്‌സ്‌പോ വേദിയിലെ പ്രൊജക്ടുകളെ കുറിച്ച് ചോദിച്ചറിഞ്ഞ എം പി കെ. മുരളീധരന്‍ കുട്ടികളില്‍ ചെറുപ്പം മുതല്‍ ശാസ്ത്രാഭിരുചി വളര്‍ത്താന്‍ ഇത്തരം മേളകളിലൂടെ സാധിക്കട്ടെ എന്ന് ആശംസിച്ചു.








