പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി ‘കരുതല്‍ കടലോളം’ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 14-ന്

കോഴിക്കോട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘കരുതല്‍ കടലോളം’ എന്ന പ്രമേയത്തില്‍ നവംബര്‍ 14-നാണ് ക്യാമ്പ് നടക്കുന്നത്. പുതിയാപ്പ ശ്രീ ഭഗവതി ധര്‍മ്മ പരിപാലന അരയ സമാജം, കാലിക്കറ്റ് ഫോറം ഓഫ് ഡയബറ്റിസ് (CFD), കാലിക്കറ്റ് ഫോറം ഫോര്‍ ഇന്റേണല്‍ മെഡിസിന് (CALFIM), മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഗ്രൂപ്പ് (MERG) എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഠിനമായ ജോലിഭാരം കാരണം പതിവ് ആരോഗ്യപരിശോധനകള്‍ മുടങ്ങുന്ന മത്സ്യത്തൊഴിലാളികളില്‍ പകരേതര രോഗങ്ങളെക്കുറിച്ചുള്ള (Non-communicable diseases) ബോധവല്‍ക്കരണം ഉറപ്പാക്കുന്നതിനും പ്രതിരോധ ആരോഗ്യസംരക്ഷണം എത്തിക്കുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ക്യാമ്പിലൂടെ 200 വരെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ സേവനം ലഭിക്കും.
സീനിയര്‍ ഫിസിഷ്യന്മാരുടെയും ആരോഗ്യ വിദഗ്ധരുടെയും നേതൃത്വത്തില്‍ രക്തസമ്മര്‍ദ്ദം, ഉയരം, ഭാരം, ബി.എം.ഐ (BMI), റാന്‍ഡം ബ്ലഡ് ഗ്ലുക്കോസ് എന്നിവ പരിശോധിക്കും. ഇതിനുപുറമെ HbA1c, കിഡ്നി ഫങ്ഷന് ടെസ്റ്റ്, ലിപ്പിഡ് പ്രൊഫൈല്‍, തൈറോയ്ഡ് (TSH), യു.എ.സി.ആര് (UACR) എന്നീ വിപുലമായ ലാബ് പരിശോധനകളും ഇ.സി.ജി (ECG), ലിവര്‍ ഫൈബ്രോസ്കാന്‍ (FibroScan), പ്രമേഹ രോഗികള്‍ക്കുള്ള പ്രത്യേക പാദ പരിശോധന (Podiatry evaluation) എന്നിവയും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കാനുള്ള പ്രാഥമിക ജീവന്‍രക്ഷാ പരിശീലനം (Basic Life Support – BLS) അന്‍പതോളം പേര്‍ക്ക് നല്കുന്ന സെഷന് ക്യാമ്പിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ആരോഗ്യകരമായ ഭക്ഷണരീതി, നിര്‍ജ്ജലീകരണം തടയല്‍, ഹൃദയാരോഗ്യം, വൃക്കസംരക്ഷണം എന്നിവയില്‍ പ്രത്യേക ബോധവല്‍ക്കരണവും നല്‍കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്.കെ. സുരേഷ് കുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2368715.












