ജില്ലാ പഞ്ചായത്ത് ‘വിദ്യോദയ’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി; അഡ്വ. കെ. ജയന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘വിദ്യോദയ’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. ജയന്ത് എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്കായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനുമായാണ് കാലാനുസൃതമായ പരിഷ്കാരങ്ങളോടെ ‘വിദ്യോദയ’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയ ‘സജ്ജം’ പദ്ധതിയുടെ തുടർച്ചയാണിത്. രക്ഷിതാക്കൾക്കായി ‘ഇഫക്റ്റീവ് പാരന്റിംഗ് പ്രോഗ്രാമും’, സ്കൂളുകളിൽ പെൺകുട്ടികൾക്കായി ‘ഷി റൂമും’ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനീർ എരവത്ത്, അംഗങ്ങളായ സീന, മുഹമ്മദൻസ്, ശോഭ ടീച്ചർ, അഞ്ജിത ഷനൂപ്, സുബിന, കോഴിക്കോട് ഡി.ഇ.ഒ. ഷാഹൽ ഹമീദ്, എഡ്യുക്കേഷൻ ഫാക്കൽറ്റി കെ.എം. നസീർ എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ‘വിജയഭേരി’ കോർഡിനേറ്റർ ടി. സലിം ശില്പശാലയിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!