മുണ്ടോത്ത് സ്വര്‍ണ്ണാഭരണ ബോക്സ് നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം

കൊയിലാണ്ടി: മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വര്‍ണ്ണാഭരണ ബോക്സ് നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം. മുണ്ടോത്ത് ടൗണില്‍ പ്രവര്‍ത്തിക്കുന്ന താസ് ഡിസ്പ്ലേസ് എല്‍എല്‍പി സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അഗ്നിബാധയുണ്ടായത്. അപകടസമയത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ പുകയുയരുന്നത് കണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി. കൊയിലാണ്ടിയില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളും നരിക്കുനി, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്ന് ഓരോ യൂണിറ്റ് വീതവുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഫയര്‍ഫോഴ്സ് സംഘം ഏകദേശം 4 മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പ്രഥമിക കാരണമെന്നാണ് കരുതുന്നു. തീപിടുത്തത്തില്‍ ഫാക്ടറിയിലെ അനുബന്ധ യന്ത്രസാമഗ്രികളും ലക്ഷക്കണക്കിന് രൂപ വിലവരുന്ന അസംസ്കൃത വസ്തുക്കളും പൂര്‍ണ്ണമായും കത്തിനശിച്ചു. വന്‍ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. അറുപതോളം ജീവനക്കാര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന സ്ഥാപനമാണിത്.
കൊയിലാണ്ടിയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിനെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ വിപിന്‍, എഫ്ആര്‍ഒ മരായ ലതീഷ് എന്‍ എം, രതീഷ് കെ എന്‍, സുകേഷ് കെ ബി,സാരംഗ്,അശ്വിന് അശോക് രജീഷ് വി പി, സജീഷ്, ഹോം ഗാര്‍ഡുമാരായ രാജേഷ് കെ പി, പ്രതീഷ് എന്നിവരും മറ്റു സ്റ്റേഷനുകളില്‍ നിന്നായി 15 ഓളം സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ബാലുശ്ശേരി MLA സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.












