ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വീട് പൂർണ്ണമായി കത്തിനശിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ പുലർച്ചെയുണ്ടായ ശക്തമായ തീപിടിത്തത്തിൽ വീട് പൂർണ്ണമായി കത്തിനശിച്ചു. ചങ്ങരോത്ത് പതിനാറാം വാർഡിൽ പാലേരി താനിയോട് ഗിരീഷിന്റെ വീടാണ് കത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.മഴ പെയ്തതിനെ തുടർന്ന് ഗിരീഷും കുടുംബവും തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലേക്ക് താൽക്കാലികമായി കിടന്നുറങ്ങാൻ മാറിയിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. പുലർച്ചെ വലിയ ശബ്ദം കേട്ട് വീട്ടുടമസ്ഥൻ ഓടിയെത്തി നോക്കിയപ്പോഴാണ് വീട് ആളിക്കത്തുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫ്രിഡ്ജ്, ടിവി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും, പുതിയ വീടിന്റെ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന വിലകൂടിയ മരങ്ങൾ, വയറിങ് സാമഗ്രികൾ എന്നിവയും കത്തിനശിച്ചു. ഇതിനുപുറമേ, ആധാരം, റേഷൻ കാർഡ്, ആധാർ കാർഡ്, കുട്ടികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പുസ്തകങ്ങൾ എന്നിവയടക്കം വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പൂർണ്ണമായി കത്തിയമർന്നു. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.












