കേരള യങ് എന്റർപ്രണേഴ്‌സ് കോണ്‍ക്ലേവ് സെപ്റ്റംബർ 26-ന് കോഴിക്കോട്; വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സംസ്ഥാനത്ത് യുവ സംരംഭകർക്കിടയിൽ സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദന വ്യവസായങ്ങൾക്ക് കരുത്തേകാൻ ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ‘കേരള യങ് എന്റർപ്രണേഴ്‌സ് കോണ്‍ക്ലേവ് 2026’ സംഘടിപ്പിക്കുന്നു.
‘റാംപ്’ (RAMP) പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 26 ശനിയാഴ്ച കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന കോൺക്ലേവ് രാവിലെ 10 മണിക്ക് വ്യവസായ, ഐ.ടി, എ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നോർത്ത് എം.എൽ.എ. അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിക്കും. യുവ സംരംഭകരുടെ നേതൃത്വത്തിലുള്ള 1,500-ഓളം എം.എസ്.എം.ഇ. (MSME) പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ,
എം.കെ. രാഘവൻ എം.പി, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, കോഴിക്കോട് ജില്ലാ കളക്ടർ മാധവിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഇന്ററാക്ടീവ് പാനൽ ചർച്ചകൾ, സംരംഭക വിജയം നേടിയവരുടെ അനുഭവങ്ങൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സെഷനുകൾ എന്നിവ കോൺക്ലേവിന്റെ ഭാഗമായി നടക്കും. പ്രമുഖ സ്റ്റാർട്ടപ്പുകൾ, സാങ്കേതിക സ്ഥാപനങ്ങൾ, പ്രമുഖ ബാങ്കുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ 40-ഓളം പ്രദർശന സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാവിലെ 11 മണി മുതൽ 12 വരെ ‘യങ് എന്റർപ്രണേഴ്സ്, ബിഗ് ആംബിഷൻസ്: കേരളംസ് റെഡിനസ് ഫോർ ദി നെക്സ്റ്റ് ബിസിനസ് റെവല്യൂഷൻ ആൻഡ് സസ്റ്റെയ്നബിലിറ്റി’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. കോഴിക്കോട് പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ലിയ കെ. ചർച്ച നിയന്ത്രിക്കും.
അവെൻട്രാ മെഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറും അക്‌സൽ മെഡിക്കൽ സി.ഇ.ഒയുമായ അസൈൻ മച്ചുങ്ങൽ, ഓറൻകോർ ഫൗണ്ടറും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഉപദേഷ്ടാവുമായ സംജാദ് മൂപ്പൻ, ഏഷ്യൻ സർജിക്കൽ മാനേജിംഗ് പാർട്ണർ അയേഷ ഗുൽഷൻ ഹര, റെവിൻ കൃഷി ഫൗണ്ടറും സി.ഇ.ഒയുമായ ശ്രീഹരി വി. എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുക്കും.
വിജയം വരിച്ച സംരംഭകരുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവെക്കുന്ന സെഷൻ ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ നടക്കും. എളനാട് മിൽക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സജീഷ് കുമാർ, ജീവ പ്രോമാക്സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ സുമൻ പി., റൂബി വെസ്ചർ എക്സ്പോർട്ട്സ് സി.ഇ.ഒ ആയിഷ റൂബി, കുമ്പളാട് മിൽക്ക് ഫൗണ്ടർ അനൂപ് കൃഷ്ണൻ, വെറൈറ്റി അലുമിനിയം ഫാബ്രിക്കേഷൻ ആൻഡ് ഡിസൈനേഴ്സ് സി.ഇ.ഒ അജിത് കുമാർ എ. എന്നിവർ സെഷനിൽ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 വരെ വിവിധ വിഷയങ്ങളിലായി സാങ്കേതിക സെഷനുകൾ നടക്കും. എം.എസ്.എം.ഇകൾക്കായുള്ള ‘എഐ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ’ എന്ന വിഷയത്തിൽ സാപ്പിഹയർ കോ-ഫൗണ്ടർ ജ്യോതിഷ് കെ.എസ്. ക്ലാസ് നയിക്കും. തുടർന്ന്, ‘എൻ.എസ്.ഇ എമേർജ്: അൺലോക്കിംഗ് ഗ്രോത്ത് ത്രൂ ക്യാപിറ്റൽ മാർക്കറ്റ്സ്’ എന്ന വിഷയത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൗത്ത് ഇന്ത്യ പ്രൈമറി മാർക്കറ്റ് റിലേഷൻഷിപ്പ് ചീഫ് മാനേജർ ഹിമാൻഷു ശ്രീവാസ്തവയും, ‘ക്വാളിറ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഫോർ ബിസിനസ് ഗ്രോത്ത് – റോൾ ഓഫ് ബി.ഐ.എസ്’ എന്ന വിഷയത്തിൽ കൊച്ചി ബി.ഐ.എസ് സയന്റിസ്റ്റും ഡെപ്യൂട്ടി ഡയറക്ടറുമായ കുശാഗ്ര ജിൻഡാലും സംസാരിക്കും.
കൂടാതെ, ‘ഫ്രം ലോക്കൽ ടു ഗ്ലോബൽ: മാർക്കറ്റ് എക്സ്പാൻഷൻ ആൻഡ് എക്സ്പോർട്ട് ഓപ്പർച്യുണിറ്റീസ്’ എന്ന വിഷയത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) ഡെപ്യൂട്ടി ഡയറക്ടർ ഹസൻ ഉസൈദ് എൻ.എ, വ്യവസായ വകുപ്പിന്റെ പിന്തുണകളെക്കുറിച്ച് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ജോയിന്റ് ഡയറക്ടർ ഷബീർ എം എന്നിവർ സംസാരിക്കും.












