കൊയിലാണ്ടിയില്‍ മധ്യവയസ്‌കന് നേരെ ആക്രമണം: തര്‍ക്കം ചോദിക്കാനെത്തിയ വ്യക്തിക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍ വെച്ച് മധ്യവയസ്‌കനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. നടേരി പുതുശ്ശേരിക്കണ്ടി ലത്തീഫിന് (52) നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ആക്രമണമുണ്ടായത്. പരിക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍ രണ്ടുപേര്‍ തമ്മില്‍ അടിപിടിയുണ്ടാകുന്നത് കണ്ട്, വിഷയം എന്താണെന്ന് തിരക്കാനും പ്രശ്‌നം പരിഹരിക്കാനും ശ്രമിച്ചപ്പോഴാണ് ലത്തീഫിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അടിപിടിയിലുണ്ടായിരുന്ന ഇരുവര്‍ക്കുമൊപ്പം അവിടെയുണ്ടായിരുന്ന മറ്റ് രണ്ടു മൂന്നുപേരും ചേര്‍ന്ന് ലത്തീഫിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കത്തിയും ബിയര്‍ കുപ്പി പൊട്ടിച്ചതുമടക്കം ഉപയോഗിച്ചായിരുന്നു അക്രമം.അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന് ശേഷം, ചോരയൊലിക്കുന്ന നിലയിലായിരുന്ന ലത്തീഫ് തന്റെ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കുകള്‍ അതീവ ഗുരുതരമായതിനാല്‍ അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കൈയ്ക്കും കാലിനും ചെവിയുടെ ഭാഗത്തുമെല്ലാം ആഴത്തിലുള്ള പരിക്കേറ്റിട്ടുണ്ട്. കൈയിലെ മുറിവ് ഗുരുതരമായതിനാല്‍ അടിയന്തര പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അക്രമികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.












