ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

കൊയിലാണ്ടി: ഭിന്നശേഷി കുട്ടികളുടെ പഠന-പരിശീലന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനായി കൊയിലാണ്ടി പെരുവട്ടൂരിലെ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ (NIARC) പുതിയ അക്കാദമിക് ബ്ലോക്ക് സമര്‍പ്പിച്ചു. അദീബ്-ഷഫീന ഫൗണ്ടേഷന്‍ ഒന്നരക്കോടി രൂപ ചെലവിലാണ് അത്യാധുനിക ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കിയത്.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദും, റിസ് ആര്‍ട്ട് ഗാലറി സ്ഥാപക ഷഫീന യൂസുഫ് അലിയും ചേര്‍ന്ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വ്യത്യസ്തമായ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ്, അവര്‍ക്ക് അനുയോജ്യമായ പഠനവും തെറാപ്പിയും നല്‍കി സാധ്യതകള്‍ വികസിപ്പിക്കാനാണ് പുതിയ ബ്ലോക്ക് ഒരുക്കിയതെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം കുട്ടികളോടും അധ്യാപകരോടും ഒപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. നെസ്റ്റ് ക്യാമ്പസില്‍ നടന്ന ഔദ്യോഗിക ചടങ്ങ് ഷാഫി പറമ്പില്‍ എം.പി. ഉദ്ഘാടനം ചെയ്തു. നിയാര്‍ക് ചെയര്‍മാര്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികള്‍ക്കായി ക്യാമ്പസില്‍ തയാറാക്കിയ പുതിയ ഡെന്റല്‍ യൂണിറ്റിന്റെ ഉദ്ഘാടനവും കുട്ടികളുടെ പഠനം, തെറാപ്പി, കലാ-കായിക ശേഷികള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ വളര്‍ത്താന്‍ പുതിയ സൗകര്യം സഹായിക്കും.

ചടങ്ങില്‍ കെ. പ്രവീണ്‍ കുമാര്‍ എം എല്‍ എ തന്റെ ആദ്യ ശമ്പളം നെറ്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ്, സ്വാഗതവും, സാലിഹ് ബാത്ത പ്രൊജക്റ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.പി. അഷറഫ്, ടി.കെ. നാസര്‍, എം.കെ. സിറാജ്, എന്‍.കെ. ഖാലിദ്, പി.പി. അബ്ദുല്‍ റഷീദ്, മുജീബുറഹ്‌മാന്‍, പി.ടി. ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!