Friday, September 11, 2026
Latest:

Primeedition

Real news on-time

നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കണം: കണ്‍സ്യുമേഴ്സ് ഫോറം ഓഫ് കേരള

കോഴിക്കോട്: ആര്‍.ടി.ഒ. അനുവദിച്ച പെര്‍മിറ്റും സമയക്രമവും ലംഘിച്ച് ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ സന്ധ്യയോടെ സര്‍വ്വീസ് അവസാനിപ്പിക്കുന്നതിനെതിരെ ഗതാഗത വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കണ്‍സ്യുമേഴ്സ് ഫോറം ഓഫ് കേരള (സി എഫ് കെ) ജില്ലാ കണ്‍വെന്‍ഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് പകരം നിലവിലുള്ള റൂട്ടുകളില്‍ ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് അടിയന്തരമായി മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തണം. രാവിലെയും വൈകുന്നേരങ്ങളിലും സര്‍വ്വീസ് മുടക്കുന്ന ബസ്സുകളുടെ പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നും, ഈ സമയങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറുള്ള പുതിയ അപേക്ഷകര്‍ക്ക് അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുന്നറിയിപ്പില്ലാതെ നടത്തുന്ന മിന്നല്‍ പണിമുടക്കുകളില്‍ നിന്ന് ബസ്സുടമകള്‍ പിന്മാറണമെന്നും സംഘടന ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പും ഉപഭോക്തൃ വകുപ്പും നടത്തുന്ന പരിശോധനകള്‍ സ്വാഗതാര്‍ഹമാണെന്നും വരും ദിവസങ്ങളിലും കര്‍ശനമായ തുടര്‍പരിശോധനകള്‍ ഉറപ്പുവരുത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സി എഫ് കെ ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം അഡ്വ. കെ. ഉമ്മറിന് നല്‍കി മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എം. പി. മൊയ്തീന്‍ കോയ കണ്ണന്‍കടവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ സക്കറിയ പള്ളിക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ ബി. സ്വാഗതവും, സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന്‍ നന്ദിലത്ത് നന്ദിയും പറഞ്ഞു. രമ ബാബു, കെ. മുഹമ്മദ് ബഷീര്‍, കെ. പി. അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഷുക്കൂര്‍, ബദറുദീന്‍ ഹാജി, ബാവന്‍ കുട്ടി, ഹമീദ് ഉള്ളൂര്‍, യു. അബ്ദുല്‍ ഖാദര്‍, കെ. മുഹമ്മദ് മുസ്തഫ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!