കാപ്പാട് കനിവ് സ്നേഹതീരം റിഹാബിലിറ്റേഷന്‍ സെന്ററിന് പുതിയ കെട്ടിടം ഒരുങ്ങുന്നു; ശിലാസ്ഥാപനം സെപ്റ്റംബര്‍ 13-ന്

കൊയിലാണ്ടി: കഴിഞ്ഞ 14 വര്‍ഷമായി ആശ്രയമറ്റവര്‍ക്കും രോഗബാധിതര്‍ക്കും വയോജനങ്ങള്‍ക്കും കാരുണ്യത്തിന്റെ തണലൊരുക്കുന്ന കാപ്പാട് കനിവ് സ്നേഹതീരം റിഹാബിലിറ്റേഷന്‍ സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം ഒരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സെപ്റ്റംബര്‍ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മലബാര്‍ ഗോള്‍ഡ് ചെയര്മാന് എം. പി. അഹമ്മദ് നിര്‍വഹിക്കും. ചടങ്ങില്‍ പാരിസണ്‍സ് ഗ്രൂപ്പ് എം. ഡി. എന്‍.കെ. മുഹമ്മദലി വയോജന പാര്‍ക്കിന്റെ പ്രഖ്യാപനം നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രവീണ്‍ കുമാര്‍ എം. എല്‍. എ. നിര്‍വഹിക്കുന്നതാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, എഡിജിപി മുഹമ്മദ് ഷാഫി, പി.കെ.കെ. ബാവ, എ. കെ. മണി, ഖാസി മുഹമ്മദ് നൂറുദ്ദീന്‍ ഹൈത്തമി തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
ശിലാസ്ഥാപനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 2 മണിക്ക് ‘വയോജന പരിചരണം’ എന്ന വിഷയത്തില്‍ പ്രത്യേക സെമിനാറും, ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഗാനവിരുന്നും അരങ്ങേറും. വാര്‍ദ്ധക്യത്തിന്റെയും രോഗത്തിന്റെയും അവശതകളില്‍ ജീവിതം വഴിമുട്ടിയവര്‍ക്ക് സ്നേഹവും സംരക്ഷണവും നല്കുന്ന കനിവ് സ്നേഹതീരത്തിന്റെ പുതിയ സംരംഭത്തിന് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടാകണമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ഡോക്ടര്‍ അബൂബക്കര്‍ കാപ്പാട്, ഇല്യാസ് പി, ബഷീര്‍ പി, മുനീര്‍ പി.കെ, അബ്ദുല്‍ അസീസ് പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












