കൊയിലാണ്ടിയിൽ ഭക്തിസാന്ദ്രമായി മഹാശോഭായാത്ര; നഗരവീഥികൾ അമ്പാടിയായി

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്ര കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയായി. ശ്രീകൃഷ്ണന്റെ ജീവിത ദർശനങ്ങൾ വിളിച്ചോതുന്ന മനോഹരമായ നിശ്ചലദൃശ്യങ്ങൾ, ഓടക്കുഴലേന്തിയ കുസൃതിക്കണ്ണന്മാർ, രാധികാസൗന്ദര്യത്തിന്റെ വേഷപ്പകർച്ചകൾ, വർണ്ണക്കുടകൾ ചൂടിയ തോഴിമാർ, പൂത്താലമേന്തിയ ബാലികാബാലന്മാർ, പരമ്പരാഗത നൃത്ത രൂപങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് മാറ്റ് കൂട്ടി. നഗരവീഥികൾക്കിരുവശവും തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ കൃഷ്ണചൈതന്യ പ്രഭയിൽ ലയിച്ചു ചേർന്നു.
ആന്തട്ട ശ്രീരാമകൃഷ്ണാശ്രമം, പാറക്കൽ താഴ മങ്ങാട് ഭുവനേശ്വരി ക്ഷേത്ര പരിസരം, ഏഴുകുടിക്കൽ കുറുംബാ ഭഗവതി ക്ഷേത്ര പരിസരം, ചെറിയമങ്ങാട് ദുർഗ്ഗാഭഗവതി ക്ഷേത്രപരിസരം, വിരുന്നുകണ്ടി കുറുംബാഭഗവതി ക്ഷേത്ര പരിസരം, ഉപ്പാല കണ്ടി ഭഗവതി ക്ഷേത്ര പരിസരം, മണമൽ നിത്യാനന്ദാശ്രമം, കോതമംഗലം മഹാവിഷ്ണു ക്ഷേത്ര പരിസരം, തച്ചംവള്ളി ക്ഷേത്രപരിസരം, കണയങ്കോട് ഗ്രാമോദയ സേവാസമിതി വേദി, കിടാരത്തിൽ തലച്ചില്ലോൻ ക്ഷേത്ര പരിസരം, പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രപരിസരം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച ഉപശോഭായാത്രകൾ കൊരയങ്ങാട് ക്ഷേത്ര പരിസരത്ത് സംഗമിച്ചു. മാതാ അമൃതാനന്ദമയി മഠാധിപതി സുഭേദാമൃത ചൈതന്യ ഗോകുല പതാക കൈമാറിക്കൊണ്ട് മഹാശോഭായാത്രയ്ക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ വി. കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നഗരം ചുറ്റി നീങ്ങിയ മഹാശോഭായാത്ര സ്റ്റേഡിയത്തിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ബാലഗോകുലം ജില്ലാ അധ്യക്ഷൻ വളപ്പിൽ വി. നായകൻ ഗോകുല സന്ദേശം നൽകി. ആഘോഷ പ്രമുഖ് മിഥുൻ ലാൽ, വി. കെ. ജയൻ, ശിവൻ, ടി.പി. പ്രീജിത്ത്, കെ. വി. സുരേഷ്, വായനാരി വിനോദ്, കെ. കെ. വൈശാഖ് എന്നിവർ ശോഭായാത്രയ്ക്ക് നേതൃത്വം നൽകി.













