റെയിൽവേ സ്റ്റേഷൻ മോഷണം: പ്രതിയെ പിടികൂടി കോഴിക്കോട് റെയിൽവേ പോലീസ്

കോഴിക്കോട്: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ റെസ്റ്റ് റൂമില്‍ നിന്ന് യാത്രക്കാരിയുടെ മൊബൈല്‍ ഫോണും പണവും അടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ പ്രതിയെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ സ്വദേശിയായ തഴെ പൊയില്‍ ഷക്കീബ് അഹമ്മദ് (42) ആണ് പിടിയിലായത്.

ഓഗസ്റ്റ് 30-ന് പുലര്‍ച്ചെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ റെസ്റ്റ് റൂമിലായിരുന്നു സംഭവം. യാത്രക്കാരി ബാത്ത്റൂമില്‍ പോയ സമയം നോക്കി പ്രതി ബാഗും, അതിലുണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന സാംസങ് മൊബൈല്‍ ഫോണും, പണവും വസ്ത്രങ്ങളും മോഷണം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് റെയില്‍വേ പോലീസും ആര്‍.പി.എഫും ചേര്‍ന്ന് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. ഇയാളില്‍ നിന്ന് മോഷണം പോയ സാംസങ് ഫോണും വസ്ത്രങ്ങളും അടങ്ങിയ ബാഗും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

റെയില്‍വേ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജോസ്.പി.ബി, അഖിലേഷ്, ആര്‍.പി.എഫ് സ്‌ക്വാഡ് അംഗങ്ങളായ ബൈജു, വിജേഷ്, ശ്രീകാന്ത്, അബ്ബാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!